"ഭീഷണിയൊന്നും വേണ്ടാ...'; പ്രതിപക്ഷ നേതാവിനോട് ശിവന്‍കുട്ടി
Thursday, August 28, 2025 3:05 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസും കെപിസിസി ഓഫീസായ ഇന്ദിരാഭവനും കേന്ദ്രീകരിച്ച് ചില വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ ശ്രമം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനോ എംഎല്‍എ സ്ഥാനം രാജി വയ്പ്പിക്കാനോ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും പ്രത്യേകിച്ച് സ്ത്രീകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന ഒരു വിഷയമാണിത്.
ഈ വിഷയത്തില്‍ മറുപടി പറയാന്‍ ധൈര്യമില്ലാത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറ്റ് രാഷ്്ട്രീയ കക്ഷികളെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സിപിഎമ്മിനെതിരെയുള്ള അദ്ദേഹത്തിന്റെ ഭീഷണിയില്‍ ഒട്ടും ഭയപ്പെടുന്നില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.