മണര്‍കാട് പള്ളിയിൽ ; എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ
Thursday, August 28, 2025 1:16 AM IST
കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ ആചരിക്കും.
31ന് വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. ഒന്നു മുതല്‍ 14 വരെ എല്ലാദിവസവും മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മൂന്നിന് വൈകുന്നേരം ആറിന് മെറിറ്റ് ഡേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം നാലിനു വൈകുന്നേരം ആറിന് മന്ത്രി വി.എന്‍. വാസവനും ഉദ്ഘാടനം ചെയ്യും.
ആറിന് ഉച്ചകഴിഞ്ഞു രണ്ടിന് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരമായ റാസയും ഏഴിനു രാവിലെ 11.30ന് നടതുറക്കല്‍ ശുശ്രൂഷയും നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ നടതുറക്കല്‍ ശുശ്രൂഷയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും.
പ്രധാന പെരുന്നാള്‍ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞു രണ്ടിന് കരോട്ടെപള്ളിയിലേക്കുള്ള പ്രദക്ഷിണം, ആശീര്‍വാദം. തുടര്‍ന്ന് നടക്കുന്ന നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ സമാപിക്കും. 14ന് വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാര്‍ഥനയോടെ നടയടയ്ക്കും.