അപ്രൂവല്‍ കാത്ത് നൂറുകണക്കിന് അപേക്ഷകള്‍; അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന് നടപടികള്‍ ഇഴയുന്നു
Thursday, August 28, 2025 1:16 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന് നടത്തുന്ന കര്‍ഷകര്‍ നടപടി പൂര്‍ത്തിയാക്കാനാകാതെ കുരുക്കിലായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കാനാണ് അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന് ആവിഷ്കരിച്ചിരിക്കുന്നത്.
കൃഷി സേവനങ്ങളും സഹായങ്ങളും ഏകീകരിക്കുകയാണ് അഗ്രിസ്റ്റാക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. പിഎം കിസാന്‍ സമ്മാന്‍നിധി ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്ക് ഈ രജിസ്ട്രേഷന് വേണം.
മാസങ്ങള്‍ക്കു മുമ്പാണ് കൃഷിഭവനുകള്‍ വഴി രജിസ്ട്രേഷന് ആരംഭിച്ചത്. തുടര്‍ന്ന് അക്ഷയകേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും രജിസട്രേഷന് നടത്താന്‍ സൗകര്യമൊരുക്കി. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
കര്ഷകന്, പോര്‍ട്ടലില്‍ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്നു നികുതി രസീത് നോക്കി റീസര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ളവ നല്കി സമര്‍പ്പണം പൂര്‍ത്തിയാക്കണം. എന്നാല്‍ വസ്തുവിന്റെ വിവരങ്ങള്‍ നല്കിയതു ശരിയാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ പരിശോധിച്ച് ഇതിനു സമയം കിട്ടാതെ വരികയോ ഉപേക്ഷ വരുത്തുകയോ ചെയ്യുന്നതാണ് രജിസ്ട്രേഷന് നടക്കാതെ വരാന്‍ കാരണം.
റവന്യു ഉദ്യോഗസ്ഥര്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ആപ്പില്‍ യൂസര്‍ ഐഡിയും പാസ്വേഡും നല്കി ഓപ്പണ്‍ ചെയ്ത് അപേക്ഷയും വില്ലേജ് ഓഫീസുകളിലെ രേഖകളും ഒത്തുനോക്കി വേണം പരിശോധിക്കാൻ. ഇതിനു വേണ്ടിവരുന്ന താമസവും പതിവായ ഇന്റര്‍നെറ്റ് തകരാറുമാണ് നടപടി ഇഴയാന്‍ കാരണങ്ങള്‍. ഈ ജോലിക്കൊപ്പം ഓഫീസിലെത്തുന്നവരുടെ മറ്റ് ആവശ്യങ്ങളും ഉദ്യോഗസ്ഥര്‍ക്കു ചെയ്യേണ്ടതുണ്ട്.
ഇത്തരത്തില്‍ സംസ്ഥാനത്ത് നുറുകണക്കിന് അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പ് സര്‍ക്കാര്‍ വില്ലേജ് ഓഫീസുകളില്‍ നല്‍കിയിരിക്കുന്ന ലാപ്ടോപ്പുകളില് ഉള്‍പ്പെടുത്തിയാല്‍ വസ്തുവിന്റെ വിവരങ്ങള്‍ കൃത്യമാണോ എന്ന് വേഗത്തില്‍ പരിശോധിക്കാനാകും. ഇതോടെ അപ്രൂവലിന് വേഗം കൈവരിക്കാനുമാകും. ഇതല്ലെങ്കില്‍ അഗ്രിസ്റ്റാക്കില്‍ മാറ്റങ്ങള്‍ വരുത്തി കൃഷി ഉദ്യോഗസ്ഥര്‍ക്കുതന്നെ ഭൂമിയുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഇങ്ങനെ ചെയ്താല്‍ കാലതാമസം ഒഴിവാക്കി എല്ലാവര്ക്കും പദ്ധതിയുടെ ഗുണഭോതാക്കളാകാം. കര്‍ഷകവേദിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് ഡയറക്ടറേറ്റില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള എയിംസ് പോര്‍ട്ടലില്‍ 43 ലക്ഷത്തില്‍പ്പരം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടെ പിഎം കിസാന്‍ ലാന്‍ഡ് വേരിഫിക്കേഷനില്‍ ആധാര്‍ നമ്പര്‍ കൊടുത്തശേഷം വ്യു ടാക്സ് പെയ്മെന്റും തുടര്‍ന്ന് ആഡ് ന്യൂ ലാന്‍ഡ് എന്നിവ കൊടുത്താല്‍ റവന്യു ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ റിലീസ് സോഫ്റ്റ്വെയറില്നിന്നും കര്‍ഷകന്റെ പേരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കൃഷി ഓഫീസര്‍ക്കു ലഭിക്കും.
ഇതുപോലെതന്നെ അഗ്രിസ്റ്റാക്കിലും റവന്യു ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ റിലീസ് പോര്‍ട്ടലില്‍നിന്നും ലാന്‍ഡ് വേരിഫിക്കേഷന് ലഭിക്കുവിധം സോഫ്റ്റ്വെയര് അപ്ഡേഷന് ചെയ്താല്‍ റവന്യു ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയും. കൃഷി ഓഫീസിലെ ജീവനക്കാര്‍ക്കു രജിട്രേഷന് പൂര്‍ത്തിയാക്കാനും സാധിക്കും.
ടോമിച്ചന് സ്കറിയ ഐക്കര സെക്രട്ടറി, കര്‍ഷകവേദി തിടനാട്