നവരാത്രി കാലത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കാൻ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹിമാനും റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായി. യാത്രക്കാരുടെ സൗകര്യാർഥം സ്പെഷൽ ട്രെയിനുകളുടെ സമയം സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പും നൽകും.
വേളാങ്കണ്ണി പള്ളി തിരുനാളിനോടനുബന്ധിച്ച് എറണാകുളത്തുനിന്ന് പത്തും തിരുവനന്തപുരത്തുനിന്ന് നാലും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും റെയിൽവേ അറിയിച്ചു.
ആലപ്പുഴ-കായംകുളം റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ചർച്ച ചെയ്തു. ഈ റൂട്ടിലെ സിംഗിൾ ലൈനിൽ ഓഗ്മെന്റേഷൻ നടത്തിയിട്ടുണ്ടെന്നും ഡബിൾ ലൈൻ വരുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടുമെന്നും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ കാലവർഷത്തിൽ മരം വീണും മണ്ണിടിഞ്ഞും ഉണ്ടാകുന്ന ഗതാഗത തടസം നേരിടാൻ മുന്നൊരുക്കം നടത്തും. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ് എന്നിവരുമായി ചേർന്നുള്ള പ്രവർത്തനത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.