200 ദിവസം പിന്നിട്ട് സമരം; ‘പട്ടിണിക്കള’മിട്ട് ആശമാർ
Thursday, August 28, 2025 3:05 AM IST
തിരുവനന്തപുരം: ഓണറേറിയം വർധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ ആരംഭിച്ച രാപകൽ സമരം 200 ദിവസം പിന്നിട്ടു.
200 ദിനരാത്രങ്ങൾ പിന്നിടുന്പോഴും ആവേശം ചോരാതെ സമരമുഖത്ത് ആശമാർ തങ്ങളുടെ പോരാട്ടം തുടരുകയാണ്. സമരപന്തലിലെ കഞ്ഞിപ്പാത്രമുപയോഗിച്ച് പട്ടിണിക്കളം തീർത്താണ് ആശമാർ 200-ാം ദിനവും സമര മുഖരിതമാക്കിയത്.
ഓണക്കാലത്ത് പോലും തങ്ങളുടെ അവകാശങ്ങൾക്കു നേരേ മുഖം തിരിക്കുന്ന സർക്കാർ നടപടിയോടുള്ള ശക്തമായ പ്രതിഷേധമാണ് പട്ടിണിക്കളത്തിലൂടെ ആശമാർ പ്രഖ്യാപിക്കുന്നത്.
ആശമാരുടെ പ്രശ്നങ്ങൾ പഠിക്കുവാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുവാനുള്ള നടപടികൾ ഒന്നും ഇപ്പോഴും കൈക്കൊണ്ടിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നിവ നേടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നും അവർ അറിയിച്ചു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 10 മുതലാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ സമരം തുടങ്ങിയത്.