224 കോടിയുടെ അഴിമതിയെന്നു പ്രതിപക്ഷനേതാവ്
Thursday, August 28, 2025 1:16 AM IST
കൊച്ചി: 108 ആംബുലന്‍സ് കരാറില്‍ 224 കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിക്ക് 517 കോടി രൂപയ്ക്കാണു 2019ല്‍ കരാര്‍ നല്‍കിയത്.
അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ കമ്പനിയുടെ തുക 293 കോടിയായി കുറഞ്ഞു. ആംബുലന്‍സിന്റെ എണ്ണവും ഡീസല്‍ വിലയും സ്പെയര്‍ പാര്‍ട്സ് വിലയും കൂടിയിട്ടും 224 കോടി രൂപയുടെ കുറവാണ് ഇത്തവണത്തെ ടെന്‍ഡറില്‍ ഉണ്ടായിരിക്കുന്നത്. ഈ കമ്പനിക്ക് കൊടുക്കാന്‍ വേണ്ടി ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു കമ്പനികളുടെ തുക ചോര്‍ത്തിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അയ്യപ്പസ്നേഹം കപടം
മുന്‍പ് ശബരിമലയില്‍ കുഴപ്പങ്ങളുണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ കാണിക്കുന്ന അയ്യപ്പസ്നേഹം കപടമാണ്. സംഘപരിവാറിനെ താലോലിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താനും അയ്യപ്പന്റെ പേരിലാണു പരിപാടി സംഘടിപ്പിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നു തിരിച്ചടി കിട്ടിയപ്പോള്‍ ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനമായി.
എഐ കാമറ സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്നുണ്ടായ വിധി തിരിച്ചടിയായി കാണുന്നില്ല. ഇപ്പോള്‍ പരാമര്‍ശം മാത്രമാണ് പുറത്തുവന്നത്. പക്ഷേ അഴിമതി ഇല്ലാതാകുന്നില്ല. ഇഷ്ടക്കാര്‍ക്കാണു കരാറുകള്‍ നല്‍കിയത്. എല്ലാ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരേ ഞെട്ടിക്കുന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.