ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; പ്രതികളെയെല്ലാം വെറുതേ വിട്ടു
Thursday, August 28, 2025 3:05 AM IST
കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി വെറുതേ വിട്ടു. സിബിഐ അന്വേഷണത്തില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചെന്ന വിമര്‍ശനത്തോടെയാണു വധശിക്ഷയ്ക്ക് ഉള്‍പ്പെടെ വിധിച്ച പ്രതികളെ കുറ്റവിമുക്തരാക്കിയത്.
പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നു കോടതി വ്യക്തമാക്കി. ആക്രി കച്ചവടക്കാരനായ ഉദയകുമാറിനെ 2005 സെപ്റ്റംബര്‍ ഒമ്പതിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണു കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ചശേഷം ഉദയകുമാറിനെ മര്‍ദിച്ചും തുടകളില്‍ ജിഐ പൈപ്പ് ഉരുട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാം പ്രതി കെ. ജിതകുമാര്‍, രണ്ടാംപ്രതി എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കു വിചാരണക്കോടതി വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്.
ശ്രീകുമാര്‍ ശിക്ഷാകാലാവധിക്കിടെ മരിച്ചിരുന്നു. വ്യാജരേഖകളും വ്യാജ മൊഴികളും ചമച്ചതിന് മൂന്നു വര്‍ഷം വരെ തടവ് ലഭിച്ചിരുന്ന മുന്‍ സിഐ ടി. അജിത്കുമാര്‍, അസി. കമ്മീഷണര്‍ ഇ.കെ. സാബു, റിട്ട. എസി ടി.കെ. ഹരിദാസ് എന്നിവരും കുറ്റവിമുക്തരായി. മൂന്നാം പ്രതിയായ മുന്‍ പോലീസുകാരന് സോമന് വിചാരണയ്ക്കിടെ മരിച്ചിരുന്നു.
ഉദയകുമാറിന്റെ അമ്മ പ്രഭാവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു.
എന്നാല്‍ സാക്ഷികളായ പോലീസുകാര്‍ പലരും കൂറുമാറിയിരുന്നു. സിബിഐയോട് തുടരന്വേഷണം നടത്താനാണു ഹൈക്കോടതി നിര്‍ദേശിച്ചതെങ്കിലും പുതിയ അന്വേഷണം നടത്തുകയാണു സിബിഐ ചെയ്തത്.
ഇതടക്കമുള്ള പാളിച്ചകളാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. ദൃക്സാക്ഷിയടക്കം പ്രധാന സാക്ഷികളെയെല്ലാം പ്രതിചേര്‍ത്ത സിബിഐ പിന്നീട് ഇവരെ മാപ്പുസാക്ഷികളാക്കി.
അധികാരപരിധിക്കു പുറത്തുള്ള കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക വഴി വിചാരണക്കോടതിയിലെ നടപടികള്‍ പ്രതിസന്ധിയിലാക്കിയെന്നും വിലയിരുത്തിയാണ് എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടത്.