എംഎസ്സി എല്‍സ3 കപ്പൽ മുങ്ങിയിട്ട് മൂന്നു മാസം; ഇന്ധനനീക്കവും മത്സ്യമേഖലയും പ്രതിസന്ധിയിൽ
Friday, August 29, 2025 1:14 AM IST
ജെറി എം. തോമസ്
കൊച്ചി: അപകടം നടന്ന് മൂന്നു മാസം പിന്നിടുമ്പോഴും കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 യില്‍നിന്നുള്ള ഇന്ധനനീക്കം മന്ദഗതിയില്‍. സാല്‍വേജ് ഓപ്പറേഷന് കപ്പലായ സതേണ്‍ നോവയിലെ ഒഴിഞ്ഞ ടാങ്കിലേക്ക് പൈപ്പ് ഉപയോഗിച്ചാണു നിലവില്‍ ഇന്ധനം നീക്കുന്നത്.
കപ്പല്‍ മുങ്ങിയിട്ട് മൂന്നു മാസമായതിനാല്‍ ഇന്ധനം തണുത്തുറഞ്ഞ നിലയിലാണ്. ചെറിയ അളവില്‍ ദ്രാവകാവസ്ഥയില്‍ അവശേഷിച്ചിരുന്ന ഇന്ധനമാണു നീക്കം ചെയ്യാനായിട്ടുള്ളത്. തണുത്തുറഞ്ഞ ഇന്ധനം ദ്രാവകാവസ്ഥയിലാക്കാന് ഇന്ധന ടാങ്കിന്റെ പുറംഭാഗം ചെറുതായി ചൂടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇന്ധനം പൂര്‍ണമായും വീണ്ടെടുത്തശേഷമാകും കപ്പലിലെ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുക. ഒടുവില്‍ കപ്പല്‍ ഉയര്‍ത്താനും ആലോചനയുണ്ട്.
അപകടത്തില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കപ്പല്‍ ക്യാപ്റ്റനടക്കമുളള ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ടു കോസ്റ്റല്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പു കളില്‍നിന്നുള്ള റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭിക്കുന്ന മുറയ്ക്കാകും തുടരന്വേഷണം.
കൊച്ചിയില്‍നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) അകലെ അറബിക്കടലില്‍ മേയ് 24നാണ് ചരക്കുകപ്പല്‍ ചെരിഞ്ഞത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു വരുന്നതിനിടെയായിരുന്നു അപകടം. 640 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിനുപിന്നാലെ 60ഓളം കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി.
ബോട്ടുകൾക്ക് ലക്ഷങ്ങളുടെ നഷ്ടം
കപ്പലപകടവും ഇതിനു തൊട്ടുപിന്നാലെ ട്രോളിംഗ് നിരോധനവും എത്തിയത് മത്സ്യമേഖലയ്ക്കു തിരിച്ചടിയായി. ട്രോളിംഗ് നിരോധനശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ക്ക് പുറംകടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകള്‍ പ്രതിസന്ധി തീര്‍ത്തിരുന്നു. ആഴക്കടലില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും കിടക്കുന്നതുമൂലം വല ഉപയോഗിച്ചു മീന്‍ പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും.