പ്രതികളെ ലോക്കപ്പിലിട്ട് ഉറക്കം; മൂന്നു പോലീസുകാർക്ക് സ്ഥലംമാറ്റം
Friday, August 29, 2025 1:14 AM IST
പയ്യന്നൂര്‍: തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ലോക്കപ്പിലാക്കിയ ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഉറങ്ങി. സംഭവത്തിൽ മൂന്നു പോലീസുകാരെ സ്ഥലംമാറ്റി. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
നടപടിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആരോപണവിധേയരായ പയ്യന്നൂർ സ്റ്റേഷനിലെ സിപിഒമാരായ പ്രശാന്ത്, മുസമ്മൽ, നിധിൻ എന്നിവരെയാണ് റൂറൽ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം സ്ഥലംമാറ്റിയത്. പയ്യന്നൂരിനു സമീപമുള്ള സ്റ്റേഷനുകളിലേക്കാണു സ്ഥലംമാറ്റം.
ഇക്കഴിഞ്ഞ 17ന് പുലർച്ചെ തളിപ്പറന്പ് ഡിവൈഎസ്പി പ്രേമചന്ദ്രൻ രാത്രിയിൽ സ്റ്റേഷൻ സന്ദർശനം നടത്തിയപ്പോഴാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർ ഉറങ്ങുന്നതു കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ഇതോടൊപ്പം വകുപ്പുതല അന്വേഷണം നടത്തി വിശദമായ റിപ്പോർട്ടിന് റൂറൽ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ 16ന് രാത്രി ഏഴരയോടെ ഗ്യാസ് ഏജൻസി ജീവനക്കാരനായ മഹാദേവ ഗ്രാമത്തിലെ സി.കെ. രാമകൃഷ്ണനെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മൂന്നംഗ സംഘം ആക്രമിക്കുകയും ബാഗിലെ 2,05,400 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് പട്ടുവം സ്വദേശിയായ മുഹമ്മദ് അജ്മല്‍ (23), മന്നയിലെ മുഹമ്മദ് റുഫൈദ് (21), മുണ്ടേരി മുയ്യം സ്വദേശി മുഹമ്മദ് റിസ്വാന്(18) എന്നിവരെയായിരുന്നു തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി ലോക്കപ്പിൽ പാർപ്പിച്ചിരുന്നത്.