റംബുട്ടാൻ വിലയിൽ കുതിപ്പ്
Friday, August 29, 2025 1:14 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: കനത്ത മഴ മൂലം വിപണിയിൽ തകർച്ച നേരിട്ട റംബുട്ടാൻ തിരിച്ചുവരവിന്റെ പാതയിൽ. സീസണ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിലവർധിച്ചത് കർഷകർക്ക് നേട്ടമായി. ഇന്നലെ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ തോട്ടങ്ങളിൽനിന്നു കിലോയ്ക്ക് 140 രൂപ നിരക്കിലാണ് സംഭരിച്ചത്. കനത്ത മഴയെത്തുടർന്നു ദിവസങ്ങൾക്കു മുന്പ് വില 100-120 എന്ന തോതിലേക്ക് താഴ്ന്നത് കനത്ത തിരിച്ചടിയായിരുന്നു.
സീസണ് ആരംഭിക്കുന്നതിനു മുന്പുതന്നെ മൊത്തവ്യാപാരികൾ കിലോയ്ക്ക് 130-140 എന്ന നിരക്കിൽ തോട്ടങ്ങൾ പാട്ടത്തിന് വാങ്ങിയിരുന്നു. എന്നാൽ വിലയിടിഞ്ഞതോടെ ഇവർ തോട്ടങ്ങൾ ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതു നിരവധി കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഹോർട്ടികോർപ് സംഭരണം ആരംഭിക്കുകയും വിലയിടിവ് തടയാൻ വിപണിയിൽ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ മൊത്തവ്യാപാരികൾ നടത്തിയ ആസൂത്രിത ശ്രമവും വിലയിടിയാൻ കാരണമായി.
ഇതേസമയം കേരളത്തിനു പുറത്ത് മുംബൈ അടക്കമുള്ള നഗരങ്ങളിൽ പുതിയ വിപണി തുറക്കാനുള്ള ശ്രമവും കർഷകർ നേരിട്ട് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കന്പനിയുടെ നേതൃത്വത്തിൽ മുംബൈയിലേക്ക് ട്രെയിൻ മാർഗം റംബുട്ടാൻ കയറ്റി അയച്ചിരുന്നു. ഇതിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്ത വർഷത്തോടെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും ഉത്പന്നം കയറ്റി അയയ്ക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതു വിപണിവിലയിൽ വലിയ ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.
ഇവിടെ ഉത്പാദിപ്പിക്കുന്ന റംബുട്ടാന്റെ 70 ശതമാനവും കേരളത്തിനു വെളിയിലാണ് വിൽപ്പന. നിലവിൽ ബംഗളൂരു, ചെന്നൈ, കോയന്പത്തൂർ തുടങ്ങിയ വിപണികളിലേക്കാണ് കൂടുതലായും കയറ്റി അയയ്ക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തും പാതയോരങ്ങളിലാണ് കൂടുതലായും കച്ചവടം നടക്കുന്നത്. ഇതോടൊപ്പം സൂപ്പർ മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ കേന്ദ്രങ്ങളിലും വിൽപ്പന നടക്കുന്നുണ്ട്. റബർ വിലയിടിവിനെത്തുടർന്നു നഷ്ടം നേരിട്ടതോടെ നൂറുകണക്കിനു കർഷകരാണ് ഇവ വെട്ടിനീക്കി റംബുട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞത്.
ലാഭകരമായ കൃഷിയാണെന്നു കണ്ടതോടെ കൂടുതൽ പേർ റംബുട്ടാൻ കൃഷിചെയ്യാൻ തയാറായി രംഗത്തെത്തിയതോടെയാണ് വിലയിടിവ് കർഷകർക്ക് കനത്ത ആഘാതം സൃഷ്ടിച്ചത്. വില വീണ്ടും ഉയർന്നത് കർഷകർക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്.