കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അനുഗ്രഹനിമിഷം
Friday, August 29, 2025 1:14 AM IST
റെജി ജോസഫ്
കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അഭിമാന, അനുഗ്രഹ നിമിഷം. കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നുള്ള പ്രഥമ ആര്‍ച്ച്ബിഷപ്പായി പെരുവന്താനം നിര്‍മലഗിരി സെന്റ് ആന്റണീസ് ഇടവക വാണിയപ്പുരയ്ക്കല്‍ വി.എം. തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്ന സണ്ണിച്ചന് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
വ്യക്തിത്വത്തിലെ ഔന്നത്യവും പെരുമാറ്റത്തിലെ കുലീനത്വവും ഭാഷണത്തിലെ ഹൃദ്യതയുംകൊണ്ട് ഏവരുടെയും ഹൃദയത്തില്‍ ഒരിക്കലും മറക്കാത്ത ഇടംപിടിച്ച വാണിയപ്പുരയ്ക്കല്‍ പിതാവ് ഇനി വലിയൊരു മിഷന് ദൗത്യവുമായി കല്യാണിലെ പ്രവാസി അജഗണങ്ങളെ നയിക്കും.
മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കല്യാണ്‍ രൂപതയിലെ ഒരു ലക്ഷം കത്തോലിക്കാ വിശ്വാസികളുടെ ആത്മീയപിതാവായാണ് സീറോമലബാര്‍ സഭാ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ മെത്രാന് അന്‍പത്തെട്ടുകാരനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ പുതിയ നിയോഗം. മുണ്ടക്കയം സെന്റ് ലൂയിസ് എല്‍പി സ്കൂളിലും പെരുവന്താനം സെന്റ് ജോസഫ് ഹൈസ്കൂളിലും പഠനം പൂര്‍ത്തിയാക്കി 1982ല്‍ കാഞ്ഞിരപ്പള്ളി പൊടിമറ്റം മേരിമാതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ പഠന, പരിശീലനത്തിനുശേഷം 1992 ഡിസംബര്‍ 30ന് ബിഷപ് മാര്‍ മാത്യു വട്ടക്കുഴിയില്നിന്നു പൗരോഹിത്യം സ്വീകരിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി അസിസ്റ്റന്റ് ഇടവക വികാരിയായി നിയമിതനായി.
1995 മുതല്‍ അഞ്ചു വര്‍ഷം കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തി ഡയറക്ടറായിരുന്നു. തുടര്‍ന്ന് റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി രൂപതാ ജുഡീഷല്‍ വികാരിയായും കൊരട്ടി, പൂമറ്റം, ചെന്നാക്കുന്ന്, മുളംകുന്ന് എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.
കപ്പാട് ബെനഡിക്റ്റൈന്‍ ആശ്രമം, കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി, പൊടിമറ്റം നിര്‍മല തിയോളജിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 2014 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ വൈസ് ചാന്‍സലറായിരിക്കെ 2017 സെപ്റ്റംബര്‍ ഒന്നിന് കൂരിയയുടെ ദ്വിതീയ ബിഷപ്പായി.
നല്ല ബന്ധങ്ങളുടെ സൂക്ഷിപ്പുകാരന്
കോട്ടയം: ‘വ്യക്തികളും സമൂഹവുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ചെറുപ്പം മുതല്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അതില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ ശ്രദ്ധവയ്ക്കുന്നു. യുവജനങ്ങളെ വിശ്വാസത്തിലും വിശുദ്ധിയിലും നയിക്കാനുള്ള ആത്മാര്‍ഥതയും വ്യഗ്രതയും എക്കാലത്തുമുണ്ട്’- മുന്‍പ് ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.
1988ല്‍ സെമിനാരി റീജന്‍സി പരിശീലനത്തില്‍ യുവജനപ്രേഷിതത്വമാണ് തെരഞ്ഞെടുത്തത്. യുവജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അത് ആദ്യ അവസരമായി. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനയില്‍ അസി. വികാരിയായുള്ള ആദ്യനിയമനത്തില്‍ യുവദീപ്തി ഫൊറോനാ ഡയറക്ടറുടെ ചുമതല ലഭിച്ചു. ഹൈറേഞ്ചിലെ യുവജനസമൂഹത്തെ അടുത്തറിയാന്‍ ശ്രമിച്ചു.
1995 മുതല്‍ 2000 വരെ യുവദീപ്തിയുടെ കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടറായിരിക്കെ എല്ലാ ഇടവകകളിലും യുവജനങ്ങളെ കണ്ടും കേട്ടും യുവദീപ്തിക്കു പുതിയൊരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്താന്‍ ശ്രമിച്ചെന്നും വാണിയപ്പുരയ്ക്കൽ അഭിമുഖത്തിൽ ഓർമിച്ചു.