സൈബർ തട്ടിപ്പിലൂടെ കവർന്ന പണംകൊണ്ട് വൈദ്യുതി ബില്ലടച്ചു; പിടിക്കപ്പെട്ടപ്പോൾ തിരികെ നൽകി
Friday, August 29, 2025 1:14 AM IST
കാഞ്ഞങ്ങാട്: സൈബർ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം കറന്റ് ചാർജ് അടയ്ക്കാൻ ഉപയോഗിച്ച പഞ്ചാബിലെ സ്ഥാപനം പണം തിരിച്ചുനല്കി രക്ഷപ്പെട്ടു.
ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി ശ്രീകേഷ് കുമാറിനാണ് ഒരു മാസം മുമ്പ് സൈബർ തട്ടിപ്പിലൂടെ 40,478 രൂപ നഷ്ടമായത്. എസ്ബിഐ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതിനായി ബാങ്കിൽനിന്നാണെന്നുപറഞ്ഞ് ഹിന്ദി സംസാരിക്കുന്ന ഒരാളാണു വിളിച്ചത്.
ഫോണിൽ വരുന്ന ഒടിപി പറഞ്ഞുനൽകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് മറ്റൊന്നും സംശയിക്കാതെ ശ്രീകേഷ് അതിന്റെ സ്ക്രീൻഷോട്ടെടുത്ത് അയച്ചുനൽകി. തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് 40,478 രൂപ പിൻവലിച്ചതായി മെസേജ് ലഭിച്ചപ്പോഴാണു സൈബർ തട്ടിപ്പിനിരയായെന്ന് മനസിലായത്.
ശ്രീകേഷിന്റെ അച്ഛൻ ബാബു മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹോംഗാർഡായി ജോലിചെയ്യുകയാണ്. അച്ഛനെ വിളിച്ചുപറഞ്ഞ് ഉടൻതന്നെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പണം പോയ വഴിയേ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ അതു ചെന്നെത്തിയത് പഞ്ചാബിലെ ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണെന്നു കണ്ടെത്തി. ഉടൻതന്നെ ഈ തുക പിൻവലിച്ച് ഒരു വ്യവസായ സ്ഥാപനത്തിന്റെ കൺസ്യൂമർ നമ്പറുമായി ബന്ധപ്പെട്ട് പഞ്ചാബ് വൈദ്യുതി ബോർഡിന്റെ അക്കൗണ്ടിലേക്ക് അടച്ചതായും കണ്ടെത്തി.
ഇതോടെ സൈബർ പോലീസ് പഞ്ചാബ് വൈദ്യുതി ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട് വ്യവസായ സ്ഥാപനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. പഞ്ചാബ് വൈദ്യുതി ബോർഡ് അധികൃതരും കേരള പോലീസും അവരുമായി ബന്ധപ്പെട്ടു.
സൈബർ തട്ടിപ്പിലൂടെ കവർന്ന പണമാണെന്നതിന്റെ തെളിവു സഹിതം കേസെടുക്കുമെന്നും സ്ഥാപനത്തിന്റെ ലൈസൻസുൾപ്പെടെ നഷ്ടമാകുമെന്നും വ്യക്തമായതോടെ സ്ഥാപനം ഉടമകൾ ശ്രീകേഷിന്റെ അക്കൗണ്ടിലേക്കു പണം തിരിച്ചടച്ച് തടിയൂരുകയായിരുന്നു. സ്ഥാപനം ഉടമകളുടെ അഭ്യർഥനപ്രകാരം ശ്രീകേഷ് പോലീസിൽ നൽകിയ പരാതി പിൻവലിച്ചിട്ടുണ്ട്.
സ്ഥാപനത്തിനെതിരേ മറ്റു നടപടികളെന്തെങ്കിലും എടുക്കുന്ന കാര്യം പഞ്ചാബിലുള്ളവർ തീരുമാനിച്ചോട്ടെയെന്നാണ് ശ്രീകേഷിന്റെ നിലപാട്.