വൻ ലഹരിവേട്ട; യുവതികളടക്കം മൂന്നുപേർ പിടിയിൽ
Friday, August 29, 2025 1:14 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനുസമീപം വഞ്ചിക്കുളത്തുനിന്ന് 114.69 ഗ്രാം എംഡിഎംഎയുമായി യുവതികളടക്കം മൂന്നുപേർ പിടിയിലായി.
ആലുവ തായിക്കാട്ടുകര പുത്തോളിപ്പറന്പിൽ ആഷിക് (28), കൊല്ലം പത്തനാപുരം മാങ്കോട്ട പുത്തൻവീട്ടിൽ ഷഹന ഷാജഹാൻ(26), ആഷിക്കിന്റെ സുഹൃത്തിന്റെ ഭാര്യ ചാലക്കുടി വൈന്തല പാളയംപറന്പ് കാരാനിപ്പുറത്ത് ഹരിത(25) എന്നിവരെയാണ് ഡാൻസാഫ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ തൃശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്. സമീപകാലത്തു തൃശൂരിലുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
ബംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി മൂന്നുപേർ എത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തൃശൂരിൽ ട്രെയിൻ ഇറങ്ങിയശേഷം പിൻഭാഗത്തു ഗുഡ്സ് ഷെഡിനുസമീപം എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.
ഇവരിൽനിന്നു രാസലഹരി വാങ്ങനെത്തുന്നയാളെക്കൂടി പിടികൂടാനായിരുന്നു പോലീസിന്റെ നീക്കമെങ്കിലും വിഫലമായി. രാസലഹരി വാങ്ങാനെത്തുമായിരുന്നതു സിന്തറ്റിക് ഡ്രഗ് മാഫിയയിലെ പ്രധാനപ്പെട്ട കണ്ണിയാണെന്നു പോലീസ് സംശയിക്കുന്നു. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.
പിടിയിലായവരുടെ ഫോണിലെ നന്പറുകൾ വിശദമായി പരിശോധിക്കുകയാണെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.