പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നെന്നു യുവതി
Friday, August 29, 2025 1:14 AM IST
പാലക്കാട്: ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. താൻ നൽകിയ ലൈംഗികപീഡനപരാതിയെ കൃഷ്ണകുമാർ കുടുംബപ്രശ്നമാക്കി ചിത്രീകരിക്കുന്നതായും പരാതിക്കാരി ആരോപിച്ചു.
പരാതി നൽകിയതിന്റെ പേരിൽ തന്റെ ജീവൻ ഇല്ലാതായാൽ ഉത്തരവാദി കൃഷ്ണകുമാർമാത്രമാണ്. ബിജെപി അധ്യക്ഷന് അയച്ച പീഡനപരാതി ചോർത്തിയതു താനല്ല. ബിജെപി - ആർഎസ്എസ് നേതാക്കൾക്കു നേരത്തേ പരാതിനൽകിയിരുന്നു. പുതിയ അധ്യക്ഷൻ കാര്യങ്ങളറിയാനാണു വീണ്ടും പരാതി നൽകിയതെന്നും യുവതി മാധ്യമങ്ങൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞു.
മുന്പു നൽകിയ പരാതിയിൽ പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ല. കൃഷ്ണകുമാറിന് അനുകൂലമായാണു റിപ്പോർട്ട് നൽകിയത്. രാഷ്ട്രീയസ്വാധീനം പോലീസിനുമേലുണ്ടായെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.
കൃഷ്ണകുമാറിന്റെ മർദനത്തിൽ തനിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നു ചികിത്സാസഹായം നൽകിയത് സുരേഷ്ഗോപിയാണെന്നും പരാതിക്കാരി വെളിപ്പെടുത്തി.