ഇതാ, ജൊവാനയുടെ സ്വപ്നരാജ്യം
Friday, August 29, 2025 1:14 AM IST
റാന്നി: വായിച്ചവർ ആ ഭാവന കണ്ട് അതിശയപ്പെട്ടു, അതാണ് ജൊവനയുടെ സ്വപ്ന രാജ്യം. അധികമാരും ചിന്തിക്കാത്ത ഒരു ആശയം എഴുതിയുണ്ടാക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ ഏഴാം ക്ലാസുകാരി.
ഭാവനയിൽ ഒരു രാജ്യം സൃഷ്ടിക്കുകയും അതിന്റെ പ്രത്യേകതകളും സംവിധാനങ്ങളും ഭൂമിശാസ്ത്രവും ചരിത്രവുമെല്ലാം എഴുതിയുണ്ടാക്കുകയുമായിരുന്നു ജൊവാന മേരി ജിറ്റോ. സാധാരണഗതിയിൽ പഠനവും കാർട്ടൂണും കളിക്കൂട്ടുകാരുമൊക്കെ മാത്രമായി കടന്നുപോകേണ്ട പന്ത്രണ്ടാം വയസിലാണ് അസാധാരണ ചിന്തയും ആശയാവിഷ്കാരവുമായി ജൊവാന വേറിട്ടുനിൽക്കുന്നത്.
5000 ബിസിയിൽ
നെപ്റ്റുല്യ എന്നു പേരിട്ടിരിക്കുന്ന ഈ സ്വപ്നരാജ്യം 5000 ബിസിയിൽ രൂപംകൊണ്ടതാണെന്നു ജൊവന എഴുതിയുണ്ടാക്കിയ ചരിത്രത്തിൽ പറയുന്നു. ഭൂപ്രദേശം, ഭരണസംവിധാനം, ഭാഷ, ലിപി, ജിഡിപി, ക്രൈം, നീതിന്യായവ്യവസ്ഥ, സംസ്കാരം, ദേശീയ പതാക എന്നിങ്ങനെ ഒരു രാജ്യത്തിനു വേണ്ടതെല്ലാം ഈ സ്വപ്നരാജ്യത്തിനുണ്ട്. വിക്കിപീഡിയയിൽ ഒരു രാജ്യത്തെക്കുറിച്ചു വിവരിക്കുന്ന മാതൃകയിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം രാജ്യത്തിന്റെ മാപ്പും സ്വന്തമായി വരച്ചുണ്ടാക്കി. പത്തു ദിവസമെടുത്താണ് പൂർണമായി എഴുതി തയാറാക്കിയത്. രാജ്യം പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്.
രാജ്യം പിറക്കുന്നു
സ്കൂളിലെ ഒഴിവു വേളകളിൽ കൂട്ടുകാരികളുമായുള്ള സൗഹൃദ ചർച്ചകളിൽനിന്നാണ് ഇത്തരമൊരു രാജ്യം രൂപകല്പന ചെയ്യാനുള്ള ആശയം കിട്ടിയതെന്നു ജൊവാന പറയുന്നു. തുടർന്ന് ആശയം മാതാപിതാക്കളായ ജിറ്റോ വി. കുര്യനോടും ജ്യോതിസ് ആനി ജോസിനോടും പറഞ്ഞു. അവരുടെ പ്രോത്സാഹനം കൂടിയായതോടെ ഭാവന കുറച്ചുകൂടി വിപുലമായി.
തുടർന്ന് ഇത് കടലാസിലേക്കു പകർത്തുകയായിരുന്നു. ഭാവനയിൽ എഴുതിയുണ്ടാക്കിയ ശേഷം ഗൂഗിളിൽ പരതിയപ്പോൾ തന്റെ ഭാവനയ്ക്കു ചേർന്ന വിധത്തിലുള്ള ചില രാജ്യങ്ങളുടെയും ജനങ്ങളുടെയും ചില ഫോട്ടോകൾ കണ്ടു. തന്റെ രാജ്യത്തിന്റെ സൂക്ഷ്മകാര്യങ്ങൾകൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ മിടുക്കി.
യുഎഇയിലെ എമിനൻസ് പ്രൈവറ്റ് സ്കൂളിലെ വിദ്യാർഥിനിയാണ് ജൊവാന. സഹോദരൻ ജുവാൻ ഇതേ സ്കൂളിൽ നാലാം ക്ലാസിലും. യുഎഇ ഫുജിറ അൽഷാറോക്ക് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ആണ് ജൊവാനയുടെ പിതാവായ റാന്നി ഇടമുറി വിഴാലിൽ തുണ്ടിയിൽ ജിറ്റോ. അമ്മ ജ്യോതിസ് ഫുജിറ ആശുപത്രിയിൽ നഴ്സും.
നാസയിൽ പോകണം
അവധിക്കു നാട്ടിലെത്തിയ കുടുംബത്തിൽനിന്നു വിവരങ്ങൾ അറിഞ്ഞ ഇടമുറി മലങ്കര കത്തോലിക്കാ പള്ളി മുൻ വികാരി ഫാ. ഷാജി ബഹനാനും വികാരി ഫാ. മാത്യു തടത്തിലും തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസിനെ ഇക്കാര്യം അറിയിച്ചു. ഇതിൽ താത്പര്യം തോന്നിയ ഇവർ ജുവാനയുടെ വീട്ടിൽ നേരിട്ടെത്തി ഇവരുമായി സംസാരിക്കുകയും ബുക്ക് വായിക്കുകയും ചെയ്തു. തുടർന്ന് തിരുവല്ല ശാന്തിനിലയത്തിൽ വൈദികയോഗം നടന്നപ്പോൾ ജുവാനയെ ആദരിച്ചു. കുട്ടിയുടെ മികവ് തിരിച്ചറിഞ്ഞ യുഎഇ എമിനൻസ് സ്കൂൾ അധികൃതർ ബുക്ക് പബ്ലിഷ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഉൾപ്പെടുത്താൻ ശ്രമം തുടങ്ങിയതായും ജിറ്റോ ദീപികയോടു പറഞ്ഞു.
സ്പേസിനെക്കുറിച്ചും പ്ലാനറ്റിനെകുറിച്ചുമെല്ലാം ചിന്തിച്ചുകൊണ്ടിരിക്കുന്ന ജുവാനയ്ക്ക് ചരിത്ര ഗവേഷണത്തോടും താത്പര്യമുണ്ട്. പല രാജ്യങ്ങളുടെയും പതാകകൾ, അവയുടെ പ്രത്യേകതകൾ ഒക്കെ ഈ മിടുക്കിക്കു കാണാപാഠമാണ്. നാസയിൽ പോകണമെന്നും പഠിക്കണമെന്നുമൊക്കെയാണ് ജുവാനയുടെ മോഹം. നാട്ടിലെത്തിയ കുടുംബം ഇന്നു യുഎഇയിലേക്കു മടങ്ങും.