ബസ് ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു
Friday, August 29, 2025 1:14 AM IST
കാസര്‍ഗോഡ്: കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ തലപ്പാടിയില്‍ നിയന്ത്രണംവിട്ട കര്‍ണാടക കെഎസ്ആര്‍ടിസി ബസിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കു ദാരുണാന്ത്യം.
രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. ദക്ഷിണകന്നഡ ജില്ലയിലെ ഉള്ളാള്‍ താലൂക്കിലെ കൊട്ടേക്കര്‍ പഞ്ചായത്തിലെ അജ്ജിനടുക്ക സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഹൈദരാലി (47), ഖദീജ (60), മുഹമ്മദിന്റെ ഭാര്യ നഫീസ (52), ഹസ്ന (10), ആയിഷ ഫിദ (19), മംഗളൂരു ബിസി റോഡിലെ ഫറംഗിപേട്ടയിലെ അവ്വമ്മ (72) എന്നിവരാണു മരിച്ചത്. ഇതില്‍ ഖദീജയും നഫീസയും സഹോദരിമാരാണ്.
ഇരുവരുടെയും മാതൃസഹോദരിയാണ് അവ്വമ്മ. ഖദീജയുടെ മകളാണു ഹസ്ന. നഫീസയുടെ മകളാണ് ആയിഷ ഫിദ.
കാസര്‍ഗോഡ് പെരുമ്പള സ്വദേശികളായ ലക്ഷ്മി (61), മകന് സുരേന്ദ്ര (39) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ തലപ്പാടിയിലെ ടോള്‍ ഗേറ്റിനു സമീപമാണു നാടിനെ നടുക്കിയ അപകടമുണ്ടായത്.
കാസര്‍ഗോഡുനിന്നു മംഗളൂരുവിലേക്കു പോകുകയായിരുന്നു കര്‍ണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്. കേരളത്തിന്റെ ആറുവരിപ്പാത കഴിഞ്ഞ് കര്‍ണാടകയിലെ നാലുവരിപ്പാതയിലേക്കു കയറി പത്തു മീറ്റര്‍ പിന്നിടവേയാണ് അപകടം. ഈ ഭാഗത്ത് റോഡില്‍ മീഡിയന് ഉണ്ടായിരുന്നില്ല.
അപകടസമയത്ത് ശക്തമായ മഴയുമുണ്ടായിരുന്നു. എതിര്‍വശത്തുനിന്ന് ഓട്ടോറിക്ഷ കണ്ടപ്പോള്‍ ബസ് ഡ്രൈവര്‍ സഡന്‍ബ്രേക്കിട്ടു. എന്നാല്‍, നനഞ്ഞ റോഡിലൂടെ തെന്നിനീങ്ങിയ ബസ് ഓട്ടോറിക്ഷയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹൈദരാലിയുടെ, മംഗളൂരു രജിസ്ട്രേഷന് ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
അപകടമുണ്ടായ ഉടന്‍ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി. ഇടിയുടെ ആഘാതത്തില്‍ ബസ് പിറകോട്ടു നീങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് ബസ് 90 ഡിഗ്രി തിരിഞ്ഞ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയില്‍ ഇടിച്ചു.
അപകടത്തിനിടയാക്കിയ ബസ് ജൂലൈ 27നു മാത്രമാണ് ഈ റൂട്ടില്‍ ഓടാന്‍ തുടങ്ങിയതെന്നും 26നു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കൽ നടത്തിയിരുന്നതായും സാങ്കേതിക തകരാറുകളൊന്നും അപകടത്തിന് കാരണമായിട്ടില്ലെന്നും കര്‍ണാടക കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പോലീസ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.