വീണ്ടും മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
Friday, August 29, 2025 1:27 AM IST
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനിടെ താമരശേരി ചുരത്തില്‍ ഇന്നലെ ഉച്ചയോടെ വീണ്ടും മണ്ണിടിഞ്ഞു. അപകടസാധ്യത കണക്കിലെടുത്ത് ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി കോഴിക്കോട്, വയനാട് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഭാരം കുറഞ്ഞ ചെറുവാഹനങ്ങള്‍ ചുരത്തിലൂടെ ഒറ്റവരിയായി കടത്തിവിടും.
ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷണങ്ങളും മണ്ണും റോഡിലേക്കു വീണുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു നിരോധനം. ആംബുലന്‍സ്, പാല്, പത്രം, ഇന്ധനം ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പോലീസിന്റെ അനുമതിയോടെ കടത്തിവിടും.
ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോട്ടേക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 (ബി) 34 (സി) 34 (എം) പ്രകാരമാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാന്‍ കളക്ടര്‍ വയനാട് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
പോലീസും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് ഇന്നലെ ഉച്ചയ്ക്കു വീണ്ടും വലിയ ശബ്ദത്തോടെ പാറകളും മണ്ണും മരങ്ങളും റോഡിലേക്കു പതിച്ചത്. സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍തന്നെ എല്ലാവരെയും പോലീസ് ഇടപെട്ട് സ്ഥലത്തുനിന്നു നീക്കുകയും ചെയ്തു.
താമരശേരി ചുരം അടച്ച സാഹചര്യത്തില്‍ യാത്രാ, ചരക്കുവാഹനങ്ങള്‍ അടക്കമുള്ളവ കുറ്റ്യാടി, നാടുകാണി ചുരങ്ങളെ ആശ്രയിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. അതിനിടെ വീതി കുറഞ്ഞ കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിനു സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യർഥിച്ചിട്ടുണ്ട്. ലക്കിടി ചുരം പ്രവേശനകവാടത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ വടം കെട്ടി റോഡ് അടച്ചു.
ചുരത്തിലേക്ക് അനാവശ്യമായി വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ അടിവാരത്തും ലക്കിടിയിലും പോലീസ് 24 മണിക്കൂറും ക്യാമ്പ് ചെയ്യുന്നുണ്ട്.