മദ്യപിച്ചതിന്റെ പണം ചോദിച്ചു തര്‍ക്കം ; യുവാവിനെ കുത്തിക്കൊന്നു
Friday, August 29, 2025 1:14 AM IST
കളമശേരി: ഒരുമിച്ചിരുന്നു മദ്യപിച്ചതിന്റെ പണം ചോദിച്ചുണ്ടായ തര്‍ക്കത്തെത്തുടർന്ന് കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു.
ഞാറയ്ക്കല്‍ കിഴക്കേപ്പാടത്ത് നികത്തിത്തറ വിനോദ് കുമാറിന്റെ മകന് വിവേക് (25) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ എറണാകുളം വട്ടേക്കുന്നം സ്വദേശി സനോജ് (39), തൃശൂര്‍ തലപ്പിള്ളി സ്വദേശി പ്രസാദ് (28), കളമശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശി ജോയല്‍ ബെന്നി (24) എന്നിവരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.
കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കൊലപാതകത്തെത്തുടർന്ന് രക്ഷപ്പെട്ട സനോജിനെയും പ്രസാദിനെയും വൈറ്റില ജംഗ്ഷനില്‍നിന്നും ജോയല്‍ ബെന്നിയെ കളമശേരി ഗ്ലാസ് ഫാക്ടറി കോളനി പരിസരത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. വിവേകിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.
കൊല്ലപ്പെട്ട വിവേകും പ്രതികളും ഒരുമിച്ചിരുന്നു മദ്യപിച്ചതിന്റെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും മർദനവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതിയായ സനോജ് മദ്യപിച്ചതിന്റെ പണം ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന വിവേക് സനോജിനെയും രണ്ടാംപ്രതി പ്രസാദിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതികൾ വീണ്ടും ഒരുമിച്ചു മദ്യപിച്ചശേഷം വിവേകിന്റെ സുഹൃത്തും കേസിലെ മൂന്നാം പ്രതിയുമായ ജോയലിനെയും കൂട്ടി രാത്രി 11ഓടെ കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു.
ജോയല്‍ വിവേകിനെ സൗഹൃദം നടിച്ച് വീടിനു പുറത്തിറക്കിയതിനു പിന്നാലെ സനോജും പ്രസാദും ചേര്‍ന്ന് വിവേകിനെ മര്‍ദിക്കുകയും സനോജ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് വിവേകിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനുപിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ ബന്ധുക്കളാണ് വിവേകിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിവേക് ഇന്നലെ പുലര്‍ച്ചെ 1.30ഓടെ മരിച്ചു.
കൊച്ചി ഡിസിപി അശ്വതി ജിജി, തൃക്കാക്കര എസിപി പി.എസ്. ഷിജു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.