പ്രേഷിതസഭയ്ക്ക് പുതിയ അതിർത്തികൾ
Friday, August 29, 2025 1:14 AM IST
കൊച്ചി: സീറോമലബാർ സഭയിൽ കേരളത്തിനു പുറത്ത് 12 രൂപതകളുടെ അതിർത്തികൾ പുനർനിർണയിച്ചു. വിവിധ അതിരൂപതകളുടെ സാമന്ത രൂപതകളിലും മാറ്റമുണ്ട്. ബിജ്നോർ, ഗോരക്പുർ രൂപതകൾ ഫരീദാബാദ് അതിരൂപതയുടെ സാമന്തരൂപതകളാകും.
സാഗർ, സത്ന, ജഗദൽപുർ എന്നിവ ഉജ്ജയിൻ അതിരൂപതയുടെയും ഛാന്ദാ, രാജ്കോട്ട് രൂപതകൾ കല്യാണിന്റെയും അദിലാബാദ് രൂപത ഷംഷാബാദിന്റെയും, ഹൊസൂർ രൂപത തൃശൂർ അതിരൂപതയുടെയും സാമന്ത രൂപതകളായി നിശ്ചയിച്ചു.
കേരളത്തിനു പുറത്തുള്ള 12 മിഷൻ രൂപതകളുടെയും അതിർത്തികൾ പുനർനിർണയിച്ചുകൊണ്ടുള്ള പ്രഖ്യാപനവും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നടത്തി. 2017 ഒക്ടോബർ ഒന്പതിന് സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ സ്ഥാപനത്തോടെയാണു സീറോമലബാർ സഭയ്ക്ക് ഭാരതം മുഴുവൻ അജപാലനവകാശം ലഭിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന രൂപതകളിൽ ഉൾപ്പെടുത്താത്ത എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് ഫ്രാൻസിസ് മാർപാപ്പ ഷംഷാബാദ് സ്ഥാപിച്ചത്.
23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടു ദ്വീപുകളിലുമായാണ് രൂപത വ്യാപിച്ചുകിടക്കുന്നത്. ഇവിടെ ഫലപ്രദമായ അജപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻവേണ്ടി വിവിധ സിൻഡ് സമ്മേളനങ്ങളിൽ ചർച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഷംഷാബാദ് ഉൾപ്പെടെ 12 രൂപതകളുടെയും അതിർത്തി പുനർനിർണയിക്കുന്നതിനുള്ള തീരുമാനത്തിന് വത്തിക്കാൻ അംഗീകാരം നൽകുകയായിരുന്നു.
അദിലാബാദ്, ബിജ്നോർ, ചാന്ദാ, ജഗ്ദൽപുർ, ഫരീദാബാദ്, ഗോരക്പുർ, കല്യാൺ, രാജ്കോട്ട്, സാഗർ, സത്ന, ഷംഷാബാദ്, ഉജ്ജയിൻ രൂപതകളുടെ അതിർത്തികളാണ് മേജർ ആർച്ച്ബിഷപ് പുനർനിർണയിച്ചത്.