സിന്‍ഡിക്കറ്റ് യോഗം; വിസിയുടെ അധികാരം ശരിവച്ച് ഹൈക്കോടതി
Friday, August 29, 2025 1:14 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ സിന്‍ഡിക്കറ്റ് യോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വൈസ് ചാന്‍സലറുടെ അധികാരം ശരിവച്ച് ഹൈക്കോടതി.
സിന്‍ഡിക്കറ്റ് യോഗങ്ങള്‍ വിളിക്കാനും ആവശ്യമെങ്കില്‍ അവസാനിപ്പിക്കാനും വിസിക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ജസ്റ്റീസ് ടി.ആര്. രവി ഉത്തരവിട്ടു. ഡോ.കെ. ശിവപ്രസാദ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യ സിന്‍ഡിക്കറ്റ് യോഗത്തിലുണ്ടായ തര്‍ക്കമാണു ഹര്‍ജിക്ക് ആധാരം.
യോഗം വിളിച്ചുചേര്‍ത്ത വിസി, ചില അംഗങ്ങള്‍ ആവശ്യപ്പെട്ട ഒരു വിഷയം അജൻഡയില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യോഗം നിര്‍ത്തിവച്ചു. എന്നാല്‍, വിസി യോഗം അവസാനിപ്പിച്ചശേഷവും ചില അംഗങ്ങള്‍ ചേര്‍ന്ന് യോഗം തുടരുകയും അജൻഡകളില്‍ തീരുമാനങ്ങള്‍ പാസാക്കുകയും ചെയ്തു. ഈ തീരുമാനങ്ങള്‍ വിസി റദ്ദാക്കിയതോടെ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിസിയുടെ നടപടിയെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കുകയായിരുന്നു.
വിസി യോഗം അവസാനിപ്പിച്ചശേഷം അംഗങ്ങള്‍ ചേര്‍ന്നു നടത്തിയ യോഗം നിയമപരമായി നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. യോഗത്തില്‍ ആവശ്യത്തിന് അംഗങ്ങള്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടു മാത്രം അതു നിയമപരമാകില്ല.
യോഗം വിളിക്കുന്ന വിസിക്ക് അതു മാറ്റിവയ്ക്കാനും അവസാനിപ്പിക്കാനും അധികാരമുണ്ട്. ഈ അധികാരം സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. കൂടാതെ സര്‍വകലാശാലാ നിയമങ്ങളുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
മലയാളത്തിലുള്ള നിയമങ്ങള്‍ ഗസറ്റില്‍ ഔദ്യോഗിക ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നതുവരെ കോടതി നടപടികള്‍ക്ക് പൂര്‍ണമായി സ്വീകാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാലകള്‍ അധികാരത്തര്ക്കങ്ങള്ക്കുള്ള വേദിയാകരുതെന്നും അവ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും കേന്ദ്രങ്ങളായി നിലകൊള്ളണമെന്നും കോടതി ഓര്‍മിപ്പിച്ചു.