ക്ലരീഷ്യൻ സന്യാസസമൂഹത്തിന് ഇന്ത്യയിൽനിന്ന് പ്രഥമ മെത്രാൻ
Friday, August 29, 2025 1:14 AM IST
കൊച്ചി: ക്ലരീഷ്യൻ സന്യാസസമൂഹത്തിന് ആദ്യമായി ഇന്ത്യക്കാരനായ ഒരു മെത്രാൻ.
ബൽത്തങ്ങാടി രൂപത മെത്രാനായി മോൺ. ജയിംസ് പട്ടേരിൽ നിയുക്തനായപ്പോൾ അത് ക്ലരീഷ്യൻ സഭയുടെയും ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി.
72 രാജ്യങ്ങളിലായി 3,000 ത്തിലധികം വൈദികരും രണ്ടു കർദിനാൾമാർ ഉൾപ്പെടെ 27 മെത്രാന്മാരുമുള്ള ക്ലരീഷ്യൻ സന്യാസസമൂഹത്തിന് ഇന്ത്യയിൽ മാത്രം അഞ്ചു പ്രവിശ്യകളിലായി 600ഓളം വൈദികരുണ്ട്.
ബല്‍ത്തങ്ങാടി രൂപതയിലെ ബട്ടിയാല്‍ സെന്റ് മേരീസ് ഇടവകയിൽപ്പെട്ട പട്ടേരില്‍ ഏബ്രഹാമിന്റെയും റോസമ്മയുടെയും മകനാണ് മോൺ. ജെയിംസ് പട്ടേരിൽ. 1962 ജൂലൈ 27ന് ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷ്യന്‍ സന്യാസസമൂഹത്തിന്റെ കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തില്‍ പരിശീലനം ആരംഭിച്ചു. ബംഗളൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി. 1990 ഏപ്രില്‍ 26ന് ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ബല്‍ത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ജര്‍മനിയിലെ ഫ്രൈബുര്‍ഗ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പാസ്റ്ററല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തി. ഇപ്പോള്‍ ക്ലരീഷ്യന്‍ സന്യാസസമൂഹത്തിന്റെ ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററാണ്.
രൂപതയിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ചുമതലയും നിര്‍വഹിക്കുന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനായിരുന്ന മാര്‍ ലോറന്‍സ് മുക്കുഴി ആരോഗ്യകാരണങ്ങളാല്‍ രാജിവച്ച ഒഴിവിലേക്കാണ് മോൺ. ജയിംസ് പട്ടേരിൽ നിയമിതനായത്.
ഇത് ദൈവനിയോഗം: മോൺ. പട്ടേരിൽ
കൊച്ചി: ദൈവികമായ നിയോഗമാണു തന്നെ തേടി എത്തിയിരിക്കുന്ന ഇടയദൗത്യമെന്ന് ബല്‍ത്തങ്ങാടി നിയുക്ത ബിഷപ് മോൺ. ജെയിംസ് പട്ടേരിൽ. “തികഞ്ഞ ഉത്തരവാദിത്വബോധത്തോടും അതിനൊപ്പം ഭയത്തോടുംകൂടിയാണ് പുതിയ ശുശ്രൂഷ ഏറ്റെടുക്കുന്നത്.
ദൈവമാണ് ഇന്നോളം എന്നെ നയിച്ചത്. പുതിയ ദൗത്യത്തിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ ബലപ്പെടുത്തുന്നു. ബൽത്തങ്ങാടി രൂപതയെ ഇതുവരെ ശക്തമായി നയിച്ച ബിഷപ് ലോറൻസ് മുക്കുഴിയുടെ അജപാലന വഴികളും മാർഗനിർദേശങ്ങളും എനിക്കു പ്രചോദനമാണ്. ദൈവത്തിനും സഭയ്ക്കും നന്ദി’’- നിയുക്ത മെത്രാൻ പറഞ്ഞു.