മിഷൻ അനുഭവങ്ങളുടെ തീക്ഷ്ണതയിൽ മോൺ. തച്ചാപറമ്പത്ത് ഇടയനിയോഗത്തിലേക്ക്
Friday, August 29, 2025 1:14 AM IST
കൊച്ചി: വൈദികപരിശീലനത്തിന്റെ തുടക്കകാലം മുതൽ ഉത്തരേന്ത്യയിലെ പ്രേഷിതഭൂമിയുടെ ഗന്ധവും തീക്ഷ്ണതയും തിരിച്ചറിഞ്ഞ മോൺ. ജോസഫ് തച്ചാപറമ്പത്തിന് ഇനി മിഷൻ രൂപതയിൽ ഇടയനിയോഗം. അദിലാബാദ് രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയുക്തനായ മോൺ. ജോസഫ് തച്ചാപറമ്പത്ത്, മാർ പ്രിന്സ് ആന്റണി പാണേങ്ങാടന്റെ പിൻഗാമിയാണ്.
കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം ഇടവകയിൽനിന്നു ഹൈറേഞ്ചിലേക്കു കുടിയേറിയ ആദ്യകാല കർഷകകുടുംബമാണ് മോൺ. തച്ചാപറമ്പത്തിന്റേത്. ഇപ്പോഴത്തെ ഇടുക്കി രൂപതയിലെ ഇരട്ടയാർ നസ്രത്തുവാലി ഇടവകയിലെ നാലുമുക്കിൽ ലൂക്കോസ് -ഏലിയാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ നാലാമൻ. ചങ്ങനാശേരി അതിരൂപതയിലെ പായിപ്പാട്ട്1970 മേയ് 30ന് ജനിച്ചു.
നെടുങ്കണ്ടം, ചങ്ങനാശേരി, ഇരട്ടയാർ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1985 മേയിൽ സിഎംഐ സഭയുടെ മഹാരാഷ്ട്രയിലെ ചാന്ദായിൽ വൈദികപരിശീലനം. ബംഗളൂരു, ധർമാരാം, തുക്കും, മഞ്ചെരിയാൾ, വാർധ എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. ചാന്ദാ രൂപതയുടെ മുൻ മെത്രാൻ മാർ വിജയാനന്ദ് നെടുംപുറത്തിൽനിന്ന് 1997 ജനുവരി നാലിന് പൗരോഹിത്യം സ്വീകരിച്ചു.
ഏവരുടെയും പ്രാർഥന വേണം: മോൺ. തച്ചാപറമ്പത്ത്
കൊച്ചി: അദിലാബാദ് രൂപതയുടെ മിഷൻ ചൈതന്യം ശക്തമായി തുടരാൻ ഏവരുടെയും പ്രാർഥനാസഹായം ആവശ്യമെന്ന് നിയുക്ത മെത്രാൻ മോൺ. ജോസഫ് തച്ചാപറമ്പത്ത് പറഞ്ഞു.
“സഭ ഏൽപ്പിച്ചിരിക്കുന്ന നിയോഗം ഉത്തരവാദിത്വത്തോടെ ദൈവകൃപയിൽ ആശ്രയിച്ചു നിർവഹിക്കാൻ പരിശ്രമിക്കും. സീറോമലബാർ സഭയിലെ മെത്രാന്മാർക്കും സിഎംഐ സഭയ്ക്കും നന്ദി’’- മോൺ. ജോസഫ് തച്ചാപറമ്പത്ത് പറഞ്ഞു.
അദിലാബാദ് രൂപതയുടെ സാരഥിയാകാൻ
കട്ടപ്പന: നാലുമുക്ക് തച്ചാപറമ്പിൽ കുടുംബാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത് അദിലാബാദ് രൂപതയുടെ ബിഷപ്പാകുന്നു. സിഎംഎ ഛാന്ദ രൂപതയുടെ പ്രൊവിൻഷ്യാൾ ചുമതല വഹിക്കുന്നതിനിടെയാണ് പുതിയ ചുമതല ലഭിക്കുന്നത്.
ലൂക്കോസ് (പാപ്പച്ചൻ90)-ഏലിയാമ്മ (ചിന്നമ്മ85) ദമ്പതികളുടെ എട്ടുമക്കളിൽ നാലാമനാണ് ഫാ. ജോസഫ്. 1970ൽ ജനിച്ച അദ്ദേഹം കുടുംബ സമേതം ചെങ്ങളത്തായിരുന്നു താമസം. ഏഴാം ക്ലാസ് വരെ ചങ്ങനാശേരി എസ്എച്ച് സ്കൂളിലാണ് പഠിച്ചത്. 1960കളിൽ കുടുംബം നാലുമുക്കിലേക്ക് കുടിയേറിയതോടെ ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽ പഠനം പൂർത്തിയാക്കി.
ചാന്ദ രൂപതയുടെ അംഗമായി 1995ൽ വൈദികപട്ടം സ്വീകരിച്ചു. അഞ്ച് വർഷം ചാന്ദാ രൂപതയിലെ ബാലാപൂർ, ചിഞ്ചോളി ഇടവകയിൽ സേവനം ചെയ്തു. ആ കാലഘട്ടത്തിൽ രൂപതയുടെ ലീഗൽ അഡ്വൈസറി കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചു. 2002, 2014 കാലഘട്ടങ്ങളിൽ ചാന്ദാ പ്രോവിൻസിന്റെ ധനകാര്യ കൗൺസിലറായി സേവനം ചെയ്തു. സീറോമലബാർ സഭയുടെ അദിലാബാദ് രൂപത നിലവിൽ വന്നതിന് ശേഷം രൂപതയുടെ പ്രൊക്കുറേറ്ററായി എട്ടു വർഷം സേവനം ചെയ്തു.
കൂടാതെ ബലാർഷാ ബിഎഡ് കോളജ്, തുക്കും കാർമൽ അക്കാദമി, സിറോഞ്ചാ എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റർ, പ്രിൻസിപ്പൽ, പ്രീഫെക്ട് എന്നീ നിലകളിൽ സേവന മനുഷ്ഠിച്ചു. 2023 മുതൽ ചാന്ദാ മാർത്തോമ്മാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനം ചെയ്ത് വരുന്നതിനിടയിലാണ് അദിലാബാദ് രൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി നിയോഗിക്കപ്പെടുന്നത്.
വിവിധ യൂണിവേഴ്സിറ്റികളിൽനിന്ന് ഇംഗ്ലീഷ് ഭാഷയിലും ചരിത്രത്തിലും കൊമേഴ്സിലും വിദ്യാഭ്യാസ പരിശീലനത്തിലും ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും മഹാരാഷ്ട്ര ഗോണ്ട്വാനാ യൂണിവേഴ്സിറ്റിയിൽനിന്ന് വിദ്യാഭ്യാസ പരിശീലനത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.രാജസ്ഥാൻ സൺറൈസ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ പരിശീലനത്തിൽ പിഎച്ച്ഡി ചെയ്ത് വരുകയാണ്.
സഹോദരൻ ഫാ.ലൂക്കാ തച്ചാപറമ്പിൽ പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി വികാരിയാണ്. അടിമാലി പ്രീസ്റ്റ് ഹോമിലെ സിസ്റ്റർ ജ്യോതിസ്, കണ്ണൂർ സെന്റ് സ്റ്റീഫൻസ് സഭാംഗമായ സിസ്റ്റർ സോഫിയ എന്നിവരും ഫാ.ജോസഫിന്റെ സഹോദരങ്ങളാണ്. ടോമിയാണ് മൂത്ത സഹോദരൻ. സഹോദരി വിന്നി സ്വരാജ് സയൺ പബ്ലിക് സ്കൂളിലെ അധ്യാപികയാണ്. മറ്റൊരു സഹോദരനായ ബിനുവാണ് തറവാട്ടിലുള്ളത്. ഇളയ സഹോദരൻ അനീഷ് യുകെയിലാണ്.