ഒരു കുടുംബത്തിലെ മൂന്നു പേര് ആസിഡ് കഴിച്ച് ജീവനൊടുക്കി
Friday, August 29, 2025 1:14 AM IST
കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നു പേര് ആസിഡ് കഴിച്ച് ജീവനൊടുക്കി. ഒരാള്‍ക്ക് ഗുരുരമായി പൊള്ളലേറ്റു.
അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിലെ എം.ഗോപി (56), ഭാര്യ കെ.വി.ഇന്ദിര (54), മകന് രഞ്ജേഷ് (37) എന്നിവരാണു മരിച്ചത്. ഇളയമകന് രാഗേഷിന് (32) ആസിഡ് ഉള്ളില്‍ച്ചെന്ന് ഗുരുതരമായി പൊള്ളലേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം.
തങ്ങള്‍ ആസിഡ് കഴിച്ചെന്നു രാഗേഷ് തന്റെ പിതൃസഹോദരനായ നാരായണനെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍തന്നെ നാരായണന് അയല്‍വാസിയായ അശോകനെയും കൂട്ടി വീട്ടിലേക്കു ചെന്നപ്പോള്‍ ഛര്‍ദ്ദിച്ച് അവശരായി കിടക്കുന്ന കുടുംബാംഗങ്ങളെയാണ് കണ്ടത്. പിന്നീട് അശോകന്റെ ജീപ്പില്‍ നാലു പേരെയും കൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു പുറപ്പെട്ടു.
ആശുപത്രിയിലെത്തുന്നതിനു മുമ്പേ ഗോപി മരണപ്പെട്ടു. ജില്ലാശുപത്രിയിലെത്തിച്ചപ്പോള് നില ഗുരുതരമായതിനാല്‍ മൂന്നു പേരെയും ഡോക്ടര്‍മാര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ഇന്ദിര മരിച്ചു.
പരിയാരത്ത് ചികിത്സയ്ക്കിടെ രഞ്ജേഷും മരണപ്പെട്ടു. ആന്തരാവയങ്ങള്‍ക്കും വായിലും പൊള്ളലേറ്റ രാഗേഷ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ഗോപിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും ഇന്ദിര, രഞ്ജേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം നടത്തി.
സാമ്പത്തികബാധ്യതയാണു ജീവനൊടുക്കാന്‍ കാരണമെന്നാണു സൂചന. കര്‍ഷകനും കൂലിത്തൊഴിലാളിയുമായിരുന്നു ഗോപി. പ്ലസ്ടു പഠനത്തിനുശേഷം രഞ്ജേഷും രാഗേഷും ജോലിതേടി ഗള്‍ഫിലേക്ക് പോയി. അഞ്ചു വര്‍ഷം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. രഞ്ജേഷ് വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹമോചിതനായി.
പിന്നീട് രഞ്ജേഷും രാഗേഷും ചേര്‍ന്ന് വീടിനടുത്തായി ഒരു പലചരക്കുകട തുടങ്ങിയിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് കട നടത്തിയിരുന്നത്. എന്നാല്‍ നഷ്ടത്തെതുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് കട കെട്ടിട ഉടമയ്ക്കുതന്നെ വിറ്റു. പിന്നീട് ഇരുവരും കാഞ്ഞങ്ങാട്ടെ രണ്ടു പലചരക്കുകടകളില്‍ ജോലി ചെയ്തു വരികയായിരുന്നു.