100 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി
Saturday, August 30, 2025 1:24 AM IST
തിരുവനന്തപുരം: ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശൂർ കേന്ദ്രീകരിച്ച് സ്വർണാഭരണ ശാലകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ 100 കോടിയിൽ അധികം രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. 26നു വൈകുന്നേരം 4.30 ന് ആരംഭിച്ച പരിശോധന 27 വരെ നീണ്ടു.
സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ 200 ൽ അധികം ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്.
തൃശൂർ ജില്ല കേന്ദ്രീകരിച്ച് 16 സ്വർണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളും ഉൾപ്പെടെ 42 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയിൽ 36 കിലോയോളം സ്വർണം അനധികൃതമായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിൽ നിന്നും ഇതുവരെ രണ്ടു കോടിയിൽ അധികം രൂപ നികുതി, പിഴ ഇനത്തിൽ സർക്കാരിലേക്ക് ഈടാക്കി.