കേസ് സജീവമാക്കി ക്രൈംബ്രാഞ്ച്; രാഹുലിന്റെ അനുയായിയുടെ വീട്ടിൽ പരിശോധന
Saturday, August 30, 2025 1:25 AM IST
അടൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ അധ്യക്ഷസ്ഥാനത്തേക്കു വിജയിക്കാൻ വേണ്ടി വ്യാജ ഐഡി കാർഡ് ഉപയോഗിച്ചെന്ന കേസിൽ അടൂരിലെ കെഎസ്യു ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയും ഏഴംകുളം സ്വദേശിയുമായി മുബിൻ ബിനുവിന്റെ വീട്ടിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ പരിശോധന നടന്നത്. മുബിൻ ബിനു ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.
മറ്റ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കൂടി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയതായി പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ കഴിഞ്ഞയിടെ ഉണ്ടായ ആരോപണങ്ങൾക്കു പിന്നാലെയാണ് വ്യാജ ഐഡി കാർഡ് കേസ് ക്രൈംബ്രാഞ്ച് സംഘം സജീവമാക്കിയത്.
2023ൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിജയിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി ഉപയോഗിച്ചെന്ന പേരിലാണ് കേസെടുത്ത് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.
അന്ന് അടൂർ, പന്തളം പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിൽ ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. എന്നാൽ, വ്യക്തമായ തെളിവുകൾ ഒന്നും പോലീസിനു ലഭിച്ചിരുന്നില്ല. തുടർന്നു കേസ് സർക്കാർ ക്രൈംബ്രാഞ്ചിനു കൈമാറി.
കേസെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയപ്പോൾ രാഹുലിന്റെ പേര് പരാമർശിച്ചതായി കണ്ടു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതായി പ്രചാരണമുണ്ടായി. എന്നാൽ, ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു.