“ഒരാള്‍ക്കായി വഴി തെറ്റില്ല”; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സീമ ജി.നായര്‍
Saturday, August 30, 2025 1:25 AM IST
കൊച്ചി: ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി നടി സീമ. ജി.നായര്‍. രാഹുലിനെതിരായ ചര്‍ച്ചകളും പ്രതിഷേധങ്ങളും കാണുമ്പോള്‍ തനിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തേജോവധമാണ് ഓര്‍മവരുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സീമ പറഞ്ഞു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍, രാഹുലിനെതിരായ ആരോപണങ്ങളില്‍ എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ലെന്നും തെറ്റുന്നുവെങ്കില്‍ അതില്‍ രണ്ടുപേരും തുല്യ പങ്കാളികളായിരിക്കുമെന്നും പറയുന്നു.
ഉഭയകക്ഷിബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരുപക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോയെന്നും നീതിയെന്നു പറയുന്നത് രണ്ടു ഭാഗത്തിനും ലഭിക്കേണ്ടതാണെന്നും സീമ വ്യക്തമാക്കുന്നു.
വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ടുകൂടിയും രസിക്കും. പെട്ടെന്ന് ഒരുദിവസം ഒരാള്‍ മാത്രം പ്രതിപ്പട്ടികയില്‍ എത്തും. ഏതൊരാളില്‍നിന്നും മോശം സമീപനം വന്നാല്‍ ആ സ്പോട്ടില്‍ പ്രതികരിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്.
വര്‍ഷങ്ങളോളം എല്ലാം കൂട്ടുകൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരനാണെന്നു പറയുന്നതിന്റെ ഔചിത്യബോധം മനസിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് നീതി എന്നത് രണ്ടു ഭാഗത്തിനും ലഭിക്കേണ്ടതാണെന്നും സീമ പറഞ്ഞു.
അതിനിടെ സീമയുടെ കുറിപ്പിനു താഴെ എത്തിയ കമന്റിന് നടി കൊടുത്ത മറുപടിയും ചര്‍ച്ചയായി. സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്ന കമന്റിന് നല്കിയ മറുപടി ഉണ്ട് എന്നാണ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനു പിന്നാലെ സീമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്.