പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കേളു
Saturday, August 30, 2025 1:24 AM IST
കൊച്ചി: കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി സര്‍ക്കാരും വകുപ്പും കൃത്യമായ ഇടപെടല്‍ നടത്തിയാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ഒ.ആര്. കേളു.
സംസ്ഥാനത്തെ വിവിധ പിന്നാക്കവിഭാഗങ്ങളുടെ പാരമ്പര്യ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള കൈതോലം കാലത്തിന്റെ നൈര്‍മല്യം പാരമ്പര്യ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനകേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായി എറണാകുളം ട്രൈബൽ കോംപ്ലക്സില്‍ ആരംഭിച്ച ആദ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് അവരുടെ പരമ്പരാഗത കലാപരിപാടികള്‍ അവതരിപ്പിക്കാനും വികസിപ്പിക്കാനും പരമ്പരാഗതമായിട്ടുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുമുള്ള കേന്ദ്രമായിട്ടാണ് ട്രൈബല്‍ കോംപ്ലക്സ് നിര്‍മിച്ചിട്ടുള്ളത്. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക-സാംസ്കാരിക വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒഴിഞ്ഞ സ്റ്റാളുകളില്ക്കൂടി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
വകുപ്പിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിവിധ ടെക്നിക്കല്‍ കോഴ്സുകളില്‍ ഐടിഐ, ഡിപ്ലോമ, ഡിഗ്രി കോഴ്സും ഇന്റേണ്‍ഷിപ്പും പൂര്‍ത്തീകരിച്ചു വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരനിയമനം ലഭിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് ചടങ്ങില്‍ മന്ത്രി നല്കി.
ആദ്യവില്പന കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ മിഥുന് പ്രേംരാജിനു നല്കി നിര്‍വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.