പാർട്ടിയെ ബൂത്തുതലം മുതൽ ശക്തീകരിക്കും: സണ്ണി ജോസഫ്
Saturday, August 30, 2025 2:13 AM IST
ഇരിട്ടി: പാർട്ടിയെ ബൂത്തുതലം മുതൽ ശക്തിപ്പെടുത്തി കൂടുതൽ കരുത്താർജിക്കുന്ന തരത്തിൽ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനം താഴെത്തട്ടിൽനിന്നാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കെപിസിസി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തന്റെ നിയോജകമണ്ഡലമായ പേരാവൂരിലെ പായം പഞ്ചായത്തിലെ കുര്യത്ത് ജോയിയുടെ വീട്ടിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്.
രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് ചോരി യാത്രയിൽ മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിനും ഗൃഹസന്ദർശന പരിപാടികൾ ഉപയോഗപ്പെടുത്തും.
കൊട്ടിഘോഷിച്ച് നവകേരള സദസ് നടത്തിയ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ച് നശിപ്പിച്ചതല്ലാതെ ഒന്നും ചെയ്തില്ലെന്നും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രസംഗത്തിൽ സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയും വോട്ട് ക്രമക്കേടുകൾ വിശദമാക്കിയുള്ള ലഘുലേഖകൾ വിതരണം ചെയ്തുമാണ് ഗൃഹസന്ദർശനങ്ങൾ നടത്തിവരുന്നത്. ഇന്നലെ പായം, വള്ളിത്തോട്, അയ്യൻകുന്ന് എന്നിവിടങ്ങളിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയത്. പേരാവൂർ മണ്ഡലത്തിൽ സെപ്റ്റംബർ രണ്ടുവരെ നടക്കുന്ന ഗൃഹസന്ദർശന പരിപാടികൾക്ക് സണ്ണി ജോസഫ് നേതൃത്വം നൽകും.
ഇന്നലെ നടന്ന ഗൃഹസന്ദർശനങ്ങളിൽ സണ്ണി ജോസഫിനൊപ്പം ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ, പായം മണ്ഡലം പ്രസിഡന്റ് റയീസ് കണിയാറയ്ക്കൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, വാർഡ് പ്രസിഡന്റ് സി. എസ്. സുഭാഷ്, ബിജു കരുമാക്കി, ജോസ് തുണ്ടിയിൽ, പി.പി. രഘു, ഹരിത അനുദീപ്, മേരിക്കുട്ടി മാടശേരി, പോൾസൺ എന്നിവരും പങ്കെടുത്തു.