മൃഗാശുപത്രികളിലെ ഓൺലൈൻ ചികിത്സ, സേവന സംവിധാനം ഇന്നുമുതൽ
Saturday, August 30, 2025 1:24 AM IST
തിരുവനന്തപുരം: കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.5 കോടി രൂപ ചെലവഴിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ള ഇ-സമൃദ്ധ സമഗ്ര ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം ഇന്ന് അടൂരിൽ മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും.
പത്തനംതിട്ട ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
പദ്ധതിയുടെ ഭാഗമായി ആനിമൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് സംവിധാനം, മൃഗാശുപത്രികൾക്കായി ഒപി മാനേജ്മെന്റ് സംവിധാനം, കർഷകർക്കും ഉദ്യോഗസ്ഥർക്കുംവേണ്ടിയുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ, വകുപ്പിലെ വിവിധ ലാബുകളെ കോർത്തിണക്കിക്കൊണ്ടുള്ള ലബോറട്ടറി മാനേജ്മെന്റ് സംവിധാനം, കന്നുകാലികളിലെ ബ്രീഡിംഗ് മാനേജ്മെന്റ് സംവിധാനം, നവീകരിച്ച പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ നടത്തിപ്പിനായുള്ള ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇ-സമൃദ്ധ യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേരള ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെയാണ് ഇ- സമൃദ്ധ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനമൊട്ടാകെ മൾട്ടി സ്പെഷാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ഉൾപ്പെടയുള്ള 130 മൃഗചികിത്സാ സ്ഥാപനങ്ങളിലാണ് ഇ-സമൃദ്ധ പദ്ധതി പ്രവർത്തനസജ്ജമായിട്ടുള്ളത്.
ഈ പദ്ധതി പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്ക് ചികിത്സാസേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും മൃഗപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു സേവനങ്ങളെല്ലാം തന്നെ വിരൽത്തുമ്പിൽ ലഭ്യമാക്കാനും സാധിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കർഷകർക്കുള്ള മൊബൈൽ ആപ്ലിക്കേഷന്റെ സമർപ്പണവും പത്തനംതിട്ട എംപി ആന്റോ ആന്റണി ഇ-സമൃദ്ധ വെബ്സൈറ്റിന്റെ ഉദ്ഘാടനവും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.സി. റെജിൽ പദ്ധതി വിശദീകരണവും നിർവഹിക്കും.