ഹണി ട്രാപ്പ് കേസ്: ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് തന്ത്രിയുടെ മകൾ
Saturday, August 30, 2025 1:24 AM IST
കൊച്ചി: തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണത്തിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും ഊർജിതമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ദേവസ്ഥാനം അധികൃതർ രംഗത്ത്.
ഇല്ലാത്ത കഥകൾ മെനഞ്ഞ് സമൂഹത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകുന്ന കുടുംബത്തിനും ക്ഷേത്രത്തിനുമെതിരേ വ്യാജ കഥകൾ നിർമിച്ചവർക്കെതിരേ കൂടുതൽ അന്വേഷണം വേണമെന്നു ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ മകൾ ഉണ്ണിമായ സൂരജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തന്ത്രിയുടെ മരുമകൻ ടി.എ. അരുണിനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന് കർണാടക പോലീസ് കണ്ടെത്തിയിരുന്നു. വ്യാജപരാതിയിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത അരുണിനെ 45 ദിവസത്തിനുശേഷം കർണാടക ഹൈക്കോടതി ജാമ്യത്തിൽ വിട്ടു.
തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്നു വ്യക്തമായത്. കേസിൽ ബംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന ഉൾപ്പെടെ അഞ്ചുപേരെ ബാനസവാടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.