മാങ്കൂട്ടത്തിലിനെതിരേ അന്വേഷണം; പുതിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
Saturday, August 30, 2025 2:53 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ പുതിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
നിലവിൽ അന്വേഷണത്തിനായി നിയോഗിച്ച ബിനുകുമാർ അന്വേഷണവുമായി മുന്നോട്ടു പോകാൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സൈബർ വിഭാഗം ഇൻസ്പെക്ടർ ബിനോജ്, ക്രൈംബ്രാഞ്ച് സിഐമാരായ സിനോജ്, സാഗർ എന്നിവരാണുള്ളത്. പിന്നീട് വനിതാ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
ഇരകളുടെ അടക്കം മൊഴിയെടുക്കാൻ പ്രത്യേക ശ്രദ്ധ പുലർത്താൻ മുകളിൽനിന്നു നിർദേശിച്ചിരുന്നു. ഇതിനിടെയാണ് സർക്കാരിനുകൂടി താത്പര്യമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്.
അതിനിടെ, യൂത്ത് കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ തിരിച്ചറിയൽ കാർഡുകൾ സൃഷ്ടിച്ചുവെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി ഇന്നു രേഖപ്പെടുത്താനിരിക്കുകയാണ്. മൊഴി രേഖപ്പെടുത്താൻ എത്തണമെന്ന് ക്രൈംബ്രാഞ്ച് രാഹുലിനോട് നിർദേശിച്ചിരുന്നു.