സി. കൃഷ്ണകുമാറിനെതിരേ കൂടുതൽ ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Saturday, August 30, 2025 1:25 AM IST
പാലക്കാട്: ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരേ കൂടുതൽ ആരോപണങ്ങളുമായി കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യർ.
സി. കൃഷ്ണകുമാർ തുടർച്ചയായി നുണപറയുന്നുവെന്നു സന്ദീപ് വാര്യർ പറഞ്ഞു. കൃഷ്ണകുമാർ മത്സരിച്ച അഞ്ചു തെരഞ്ഞെടുപ്പുകളിലും നുണപറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ബാധ്യതയില്ലെന്നു പറഞ്ഞിരുന്നു.
കന്പനികളുമായി കരാർ ഇല്ലെന്നു തെരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകി. കന്പനികളിൽ ഷെയർ ഇല്ലെന്നു കള്ളംപറഞ്ഞു. കൃഷ്ണകുമാറിന്റെ കന്പനിക്കു ജിഎസ്ടി അടയ്ക്കാൻ ഉണ്ടെന്നു ജിഎസ്ടി വകുപ്പ് കത്ത് നൽകിയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കൃഷ്ണകുമാറിന് ഓഹരിയുള്ള കന്പനിക്കു ജിഎസ്ടിയുമായി ബന്ധപ്പെട്ട് കുടിശികയില്ല എന്നതു പൂർണമായും തെറ്റാണ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ കൂട്ടുനിന്നാൽ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനു പരാതി കിട്ടിയതു സി. കൃഷ്ണകുമാറിനെതിരേ മാത്രമല്ല, മറ്റൊരു സംസ്ഥാനനേതാവിനെതിരേയും സമാനമായ പരാതി കിട്ടിയിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.