ഷെയർ ട്രേഡ്: 86 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍
Saturday, August 30, 2025 2:13 AM IST
കോട്ടയം: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ കൂടി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു പല തവണകളായി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍.
എറണാകുളം ചിറ്റൂര്‍ മാളിയേക്കല്‍ ജെവിന്‍ ജേക്കബിനെ(33)യാണു കോട്ടയം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈപ്പിന്‍ എളങ്കുന്നപ്പുഴ പനയ്ക്കപ്പാടത്തുനിന്നുമാണു പ്രതിയെ പിടികൂടിയത്.
കോട്ടയം ഇലക്കാട് സ്വദേശിയായ യുവാവിന്റെ പക്കല്‍നിന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 10 മുതല്‍ ജൂലൈ 25 വരെ പല തവണകളായി 86 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. യുവാവിനെ പ്രതി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയാണു തട്ടിപ്പിനു തുടക്കമിട്ടത്.
തുടര്‍ന്നു പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെറിയ ലാഭം തിരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് വലിയ തുക നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുകയായിരുന്നു.
നിക്ഷേപിച്ച തുകയുടെ ലാഭവിഹിതം ഇവരുടെതന്നെ ഓണ്‍ലൈന്‍ വെര്‍ച്വല്‍ അക്കൗണ്ടില്‍ കാണിച്ച് തുക പിന്‍വലിക്കാന്‍ 14 മുതല്‍ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ സംശയം തോന്നിയപ്പോഴാണ് യുവാവ് പോലീസില്‍ പരാതിപ്പെട്ടത്.
സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തട്ടിപ്പുകള്‍ നടത്തി വന്ന പ്രതിയെ 10 ദിവസമായി വിവിധ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു കോട്ടയം സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡിവൈഎസ്പി വി.എസ്. അനില്‍കുമാര്‍, എസ്എച്ച്ഒ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.