പാലക്കാട്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗമെന്ന് പ്രചാരണം; നിഷേധിച്ച് ഷാഫി പറന്പിൽ
Saturday, August 30, 2025 1:25 AM IST
പാലക്കാട്: സ്ത്രീകളോടു മോശമായി പെരുമാറിയെന്ന ആരോപണത്തെതുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉണ്ടായ പാർട്ടിനടപടിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്.
എ ഗ്രൂപ്പിലെ ഷാഫി പറന്പിൽ അനുകൂലികളുടെ നേതൃത്വത്തിൽ യോഗം ചേർന്നതായാണു സൂചന. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് മണ്ഡലത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു യോഗം ചേർന്നതെന്നാണു പുറത്തുവന്ന വിവരം.
എന്നാൽ, രാഹുലിനെ പാലക്കാട്ടേക്കു കൊണ്ടുവരാൻ തന്റെ വീട്ടിൽ യോഗം നടന്നെന്ന റിപ്പോർട്ട് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ നിഷേധിച്ചു. പാലക്കാട്ട് എ ഗ്രൂപ്പ് യോഗം നടന്നുവെന്ന വാർത്ത ഷാഫി പറന്പിലും നിഷേധിച്ചിട്ടുണ്ട്. ഒരു കല്യാണത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങൾക്കും പാർട്ടിനടപടിക്കും ശേഷം പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉള്ളത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ കോണ്‍ഗ്രസിന്റെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിച്ചാൽ അതു വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്ന ആശങ്കയിലാണു പാർട്ടി.
ഔദ്യോഗികപരിപാടികളിൽ പങ്കെടുത്താൽ രാഷ്ട്രീയ എതിരാളികളുടെ പ്രതിഷേധം നേരിടേണ്ടിവരികയും ചെയ്യും. അതിനാൽ ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ തുടങ്ങി പാർട്ടിയുടേതല്ലാത്ത, എന്നാൽ കോണ്‍ഗ്രസ് അനുഭാവികളുടേതായ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കുക എന്നതാണു നീക്കം.
മാത്തൂരിലെയും പിരായിരിയിലെയും പാലക്കാട് നഗരത്തിലെയും പരിപാടികളിലാകും രാഹുൽ പങ്കെടുക്കുക. ഓണത്തിനുശേഷം രാഹുലിനെ പാലക്കാട്ടേക്കു കൊണ്ടുവരാനാണു നീക്കം. അതിനിടെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ അതിനെ അനുകൂലമായി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. അധികംനാൾ മണ്ഡലത്തിൽനിന്നു മാറിനിൽക്കുന്നതു ദോഷകരമാണെന്ന വിലയിരുത്തലിനെതുടർന്നാണ് അനുകൂലികളുടെ നീക്കങ്ങൾ.