ശുചിത്വ പൂക്കളം ചലഞ്ച്; ഒന്നാം സമ്മാനം 25000 രൂപ
Sunday, August 31, 2025 1:54 AM IST
തിരുവനന്തപുരം: ഓണക്കാലത്ത് ‘വരവായി വൃത്തിയുടെ ചക്രവർത്തി – ഈ ഓണംഹരിത ഓണം’ എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷൻ ‘ശുചിത്വ പൂക്കളം’ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന മത്സരത്തിൽ ‘മാലിന്യമുക്തം നവകേരളം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പൂക്കളങ്ങളാണ് നിർമിക്കേണ്ടത്.
ജില്ലാ തലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപ വീതവും, സംസ്ഥാന തലത്തിൽ വിജയിക്കുന്ന ഒരാൾക്ക് 25,000 രൂപയുമാണ് സമ്മാനം. കായിക-കലാ ക്ലബ്ബുകൾ, റസിഡന്റസ് അസോസിയേഷനുകൾ, ഹരിതകർമസേന, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഗ്രൂപ്പുകളായി മത്സരത്തിൽ പങ്കെടുക്കാം.
പൂക്കളത്തിന് പ്രകൃതിദത്തമായ പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്ലാസ്റ്റിക്, രാസവസ്തുക്കൾ, കൃത്രിമ അലങ്കാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. പൂക്കളത്തിന്റെ വ്യക്തമായ ചിത്രം, പൂക്കളത്തോടൊപ്പം അത് തയാറാക്കിയവരുടെ ചിത്രം എന്നിവ സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം) അപ്ലോഡ് ചെയ്യുക.
ശേഷം, ജില്ലാ ശുചിത്വ മിഷന്റെ പേജ് ടാഗ് ചെയ്യുകയും #suchitwapookkalam, #Harithaonam, #Suchitwamission എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുകയും ഈ ചിത്രങ്ങൾ onampookalam2025<\@>gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ ഏഴിനകം അയയ്ക്കുകയും വേണം. വിവരങ്ങൾ ശുചിത്വ മിഷൻ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിൽനിന്നും ലഭിക്കും.