റോഡ് പൊളിക്കാന്‍ മൊബൈല്‍ ആപ്പിലൂടെ മുന്‍കൂര്‍ വിവരം നല്‍കണം
Sunday, August 31, 2025 2:08 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: കരാര്‍ കമ്പനികളും ഏജന്‍സികളും റോഡ് കുത്തിപ്പൊളിക്കുമ്പോള്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും കുടിവെള്ള വിതരണ പൈപ്പുകളും തകര്‍ന്ന് അവശ്യസര്‍വീസുകള്‍ തടസപ്പെടുന്നതിനു പരിഹാരമായി കരാര്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി പൊതുമരാമത്ത് വകുപ്പ്.
"കോള്‍ ബിഫോര്‍ യു ഡിഗ്’ (സിബിയുഡി) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇനിമുതല്‍ കരാര്‍ കമ്പനികള്‍ മുന്‍കൂറായി നിര്‍മാണ പ്രവൃത്തിയുടെ വിവരങ്ങളും പ്രവൃത്തി നടത്തുന്ന സ്ഥലവും അറിയിക്കണം. ഇതിനാവശ്യമായ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് ഇനി മുതല്‍ സംസ്ഥാനത്ത് സ്റ്റാന്‍ഡേര്‍ഡ് ഓഫ് ബിഡ് ഡോക്കുമെന്റുകള് സര്‍ക്കാര്‍ തയാറാക്കുക.
ഭേദഗതി പ്രകാരം ഖനനം ആവശ്യമായ എല്ലാ പ്രവൃത്തികളുടെയും വിവരങ്ങള്‍ കരാര്‍ കമ്പനികള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന അറിയിക്കണം. ഇതുവഴി ബിഎസ്എന്‍എല്‍ അടക്കമുള്ള പൊതു, സ്വകാര്യ സേവനദാതാക്കള്‍ക്കും കുടിവെള്ള വിതരണ ഏജന്‍സികള്‍ക്കും സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കഴിയും.
ജെസിബി അടക്കമുള്ള യന്ത്രങ്ങളുപയോഗിച്ച് റോഡ് കുഴിക്കുമ്പോള്‍ പ്രധാനമായും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മുറിഞ്ഞുണ്ടാകുന്ന തലവേദന ഒഴിവാക്കാനായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് 2022 ലെ ഇന്ത്യന്‍ ടെലഗ്രാഫ് (ഇന്‍ഫ്രാസ്ട്രക്ചര്‍ സേഫ്റ്റി) റൂള്‍സ് 2022 പ്രകാരം കോള്‍ ബിഫോര്‍ യു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
2023ല്‍ പ്രധാനമന്ത്രിയാണ് ആപ്പ് പുറത്തിറക്കിയത്. റോഡുകളിലെ അനിയന്ത്രിതമായ കുഴിയെടുക്കല്‍ അടക്കമുള്ള ഖനന പ്രവൃത്തികള്‍ കാരണം ഓരോ വര്‍ഷവും ഏകദേശം 3,000 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.
കരാര്‍ കമ്പനികളെയും സേവനദാതാക്കളെയും തമ്മില്‍ ബന്ധിപ്പിച്ചാണ് കോള്‍ ബിഫോര്‍ യു ഡിഗ് ആപ്പിന്റെ പ്രവര്‍ത്തനം. എസ്എംഎസ്/ഇമെയില്‍ അറിയിപ്പുകള് വഴിയും ക്ലിക്ക്-ടു-കോള്‍ വഴിയുമാണ് കരാര്‍ കമ്പനികള്‍ പ്രവൃത്തി സംബന്ധിച്ച് മുന്‍കൂറായി അറിയിപ്പ് നല്‍കേണ്ടത്.