മന്ത്രിയുടെ വാഗ്ദാനം ജലരേഖയായി, സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഓഗസ്റ്റിലെ ശമ്പളമില്ല
Sunday, August 31, 2025 2:08 AM IST
തൃശൂർ: സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം എല്ലാ മാസവും അഞ്ചിനു വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് ജലരേഖയായി. ഓഗസ്റ്റിലെ ശമ്പളം നൽകുക ഒക്ടോബറിലായിരിക്കും. സെപ്റ്റംബറിൽ നൽകുന്നത് ജൂലൈയിലെ ശമ്പളക്കുടിശികയും ഓണബോണസും.
ജൂലൈയിലെ ശമ്പളക്കുടിശികയും ഓഗസ്റ്റിലെ ശമ്പളവും ഓണബോണസും ഒന്നിച്ചുനൽകുമെന്നാണു മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. കേന്ദ്രവിഹിതം കിട്ടിയില്ലെങ്കിലും സംസ്ഥാന വിഹിതം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യാനാണു തീരുമാനമെന്നും അറിയിച്ചിരുന്നു.
എന്നാൽ, ഓണത്തിന് ജൂലൈയിലെ ശമ്പളക്കുടിശികയും ഓണബോണസ് 1,500 രൂപയും മാത്രമാണ് പാചകത്തൊഴിലാളികൾക്കു ലഭിക്കുക. ഓഗസ്റ്റിലെ ശമ്പളം നൽകുന്നത് ഒക്ടോബറിലേക്കു മാറ്റിയപ്പോൾ സെപ്റ്റംബറിലേതു ശമ്പളക്കുടിശികയാകുകയും ചെയ്യും. ഇതേസമയം വിദ്യാഭ്യാസവകുപ്പിലെ മറ്റു ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളവും കൃത്യമായി നൽകി.
വിദ്യാഭ്യാസവകുപ്പ് രണ്ടുമാസത്തെ ശമ്പളവും ബോണസുംകൂടി ഒന്നിച്ചു നടപ്പാക്കണമെന്നു മന്ത്രിക്കു നൽകിയ റിപ്പോർട്ട് തിരുത്തി, ഓഗസ്റ്റിലെ ശമ്പളം കുടിശികയാക്കാൻ നിർദേശിച്ച് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡിപിഐ) ഫയൽ തിരിച്ചയയ്ക്കുകയായിരുന്നു.
മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി: കെഎസ്ഡബ്ല്യുഎ
തൃശൂർ: ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണബോണസും സെപ്റ്റംബർ മൂന്നിനു മുമ്പായി നൽകണമെന്നാവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളികളുടെ സംഘടനയായ കെഎസ്ഡബ്ല്യുഎ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസമന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതിൽ ഒരുനടപടിയും ഉണ്ടാവാതിരുന്നതിനാൽ മുഖ്യമന്ത്രിക്കു നേരിട്ടു നിവേദനം നൽകിയതിനെത്തുടർന്നാണു നടപടികൾ ആരംഭിച്ചത്.
തൊഴിലാളികളുടെ അമിത തൊഴിൽഭാരത്തെക്കുറിച്ചു പഠിക്കാൻ ഇതുവരെയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. വാർത്താസമ്മേളനത്തിലെ വാഗ്ദാനംമാത്രമാണ് ആകെ നടന്നതെന്നു കെഎസ്ഡബ്ല്യുഎ സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് പറഞ്ഞു.