കണ്ണപുരം കിടുങ്ങി
Sunday, August 31, 2025 1:54 AM IST
കണ്ണൂർ: “പുലർച്ചെ രണ്ടോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നുനോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നതാണ് കണ്ടത്”- കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടകവീടിനു സമീപം താമസിക്കുന്നവർ ഞെട്ടലോടെ പറയുന്നു. “വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു.
കല്ലും മണ്ണും നിറഞ്ഞ് കാൽപ്പാദം മാത്രം കാണപ്പെട്ട നിലയിലായിരുന്നു. മരിച്ചോ എന്നറിയില്ല. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാർ വരുന്നത്. വീട്ടിൽ ലൈറ്റ് ഇടാറില്ലായിരുന്നു”- അയൽവാസികൾ പറഞ്ഞു.
ആരെയും നടുക്കുന്ന കാഴ്ചയാണ് സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്. തീ വീടാകെ ആളിപ്പടർന്നിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണപുരം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്നായിരുന്നു പ്രാഥമിക നിഗമനം. കൂടുതൽപേർ മരിച്ചെന്നും അഭ്യൂഹമുണ്ടായിരുന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയതിനു ശേഷമാണ് പടക്കമാണ് പൊട്ടിയതെന്നും ഒരാൾ മാത്രമാണ് മരിച്ചതെന്നും സ്ഥിരീകരിച്ചത്.
കണ്ണൂരിൽനിന്നെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. കണ്ണപുരം, തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരും നാട്ടുകാരും ചേർന്നാണ് പൊള്ളലേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.
അനൂപ് മാലിക്ക് സ്ഫോടനക്കേസിലെ പ്രതി
കണ്ണൂർ: കണ്ണപുരം കീഴറയിലെ സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതി. 2016 മാർച്ച് 24ന് പള്ളിക്കുന്ന് പൊടിക്കുണ്ടിലെ ഇരുനില വീട്ടിൽ നടന്ന സ്ഫോടനക്കേസിലെ പ്രതിയാണ് അനൂപ് മാലിക്.
പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറു വീടുകൾക്ക് നാശനഷ്ടം ഉണ്ടായിരുന്നു. 17 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. നാലുകോടി രൂപയിലേറെ നഷ്ടമാണ് അന്നുണ്ടായത്. അനൂപ് മാലിക്കിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയും അവരുടെ മകളും അടക്കം നാലുപേർക്ക് പരിക്കേറ്റിരുന്നു.
ഈ കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ നടന്നുവരികയാണ്. അനൂപിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മകൾ അടക്കമുള്ള ആളുകൾ അനൂപ് മാലിക്കാണ് സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു.
2016ലെ സ്ഫോടന കേസിൽ അനൂപ് മാലിക്കും സുഹൃത്ത് റാഹിലയും സഹായിയുമായിരുന്നു പ്രതികൾ. പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ ഒരുകോടിയോളം രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ നഷ്ടം നാലുകോടിയും കവിഞ്ഞു എന്നായിരുന്നു പരാതി.
അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും ഇയാൾക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്.