കാർഷിക സർവകലാശാലയിലെ ഡിഎ വർധന വെട്ടി വിസി
Sunday, August 31, 2025 1:54 AM IST
തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ സർക്കാർ അനുവദിച്ച ഡിഎ വർധന നടപ്പാക്കുന്നതു തടഞ്ഞ് ഇൻചാർജ് വിസി ഡോ. ബി. അശോക്. സെപ്റ്റംബറിലെ ശന്പളത്തോടും പെൻഷനോടുമൊപ്പം ഡിഎ വർധന നടപ്പാക്കാനായിരുന്നു കഴിഞ്ഞ 25നു പുറത്തിറക്കിയ ഗവ. ഉത്തരവിലെ നിർദേശം.
സർവകലാശാലകൾ ഭരണസമിതിയുടെ അംഗീകാരത്തിനു വിധേയമായി ഇതു നടപ്പാക്കണം. മുൻകാലങ്ങളിൽ ഡിഎ വർധന സർക്കാർ ഉത്തരവ് ഇറങ്ങിയാൽ ഉടൻ നടപ്പാക്കിക്കൊണ്ട് വിസി ഉത്തരവിടുകയും പിന്നീട് എക്സിക്യൂട്ടീവ് കമ്മറ്റി ചേരുന്ന മുറയ്ക്ക് അംഗീകാരം വാങ്ങുകയുമായിരുന്നു പതിവ്.
എന്നാൽ ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ചില്ലെന്ന പേരുപറഞ്ഞാണ് വിസി ഡിഎ വർധന തടഞ്ഞിരിക്കുന്നതെന്നാണ് ആക്ഷേപം. ഓണത്തിനുമുൻപ് സർവകലാശാലയിലെ അധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർ കൂട്ടിയ തുക വാങ്ങുന്നതു തടയുകയാണ് വിസിയുടെ ലക്ഷ്യം. വിദ്യാർഥികളുടെ ഫീസ് ഒറ്റയടിക്കു വൻതോതിൽ ഉയർത്തിയതിനെതിരേ ഉയർന്ന എതിർപ്പാണ് വിസിയുടെ നീരസത്തിനു പിന്നിലെന്ന് ജീവനക്കാരും പെൻഷൻകാരും ആരോപിച്ചു.
അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുവാദമില്ലാതെതന്നെ തൊഴിലാളികൾ, തൊഴിലാളി പെൻഷൻകാർ എന്നിവർക്കു വർധിച്ച ഡിഎ നൽകാൻ വിസി അനുമതി നൽകിയിട്ടുമുണ്ട്.