കല്യാട്ടെ കവർച്ചയും യുവതിയുടെ കൊലപാതകവും; പണത്തിന്റെ വിവരം ലഭിച്ചു; സ്വർണത്തെക്കുറിച്ച് വ്യക്തതയില്ല
Sunday, August 31, 2025 1:54 AM IST
ഇരിക്കൂർ: കല്യാട്ടെ വീട്ടിൽനിന്ന് പണവും സ്വർണാഭരണവും മോഷണം പോയതിനg പിന്നാലെ വീട്ടിലെ അംഗമായ കർണാടക സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട കേസിൽ കവർന്ന പണം ചെലവഴിച്ചതിന്റെ വിവരങ്ങൾ അന്വേഷണംസംഘം കണ്ടെത്തി.
എന്നാൽ, മോഷ്ടിച്ച 30 പവൻ സ്വർണാഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായില്ല. കവർന്ന നാലു ലക്ഷം രൂപയിൽ രണ്ടു ലക്ഷം യുവതിയുടെ സ്വന്തം വീട്ടിൽ പൂജകൾ നടത്താൻ മന്ത്രവാദിക്ക് നൽകിയെന്നാണ് കണ്ടെത്തൽ.
കർണാടക ഹുൻപൂരിലെ മന്ത്രവാദിയായ മഞ്ജുനാഥ സ്വാമിക്കാണ് രണ്ടു ലക്ഷം നൽകിയത്. രണ്ടു ലക്ഷം ദർശിതയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ആൺസുഹൃത്ത് സിദ്ധരാജുവിനും നിൽകി.
പണവും സ്വർണവുമായി നാട്ടിലേക്കു പോയ യുവതി വീടിനു സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ ജനാർദന മുഖേനയാണ് മന്ത്രവാദി മഞ്ജുനാഥ സ്വാമിയുമായി ബന്ധപ്പെട്ടത്. ഹുൻസൂരിലെ തന്റെ വീട്ടിൽ പ്രേതബാധയുണ്ടെന്നും ഒഴിപ്പക്കണമെന്നുമായിരുന്നു സ്വാമിയോട് ആവശ്യപ്പെട്ടത്. ഇതിനുള്ള പൂജകൾക്കായുള്ള ചെലവായാണ് രണ്ടു ലക്ഷം രൂപ കൈപ്പറ്റിയതെന്ന് മഞ്ജുനാഥ സ്വാമി പോലീസിന് മൊഴി നൽകി. എന്നാൽ കവർച്ച, കൊലപാതകം എന്നിവയിൽ ഇയാൾക്ക് ബന്ധമില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ആൺസുഹൃത്തായ സിദ്ധരാജുവിന്റെ നിർദേശപ്രകാരമാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മന്ത്രവാദിക്ക് പണം കൈമാറിയ ശേഷമാണ് ദർശിതയും സിദ്ധരാജുവും സാലിഗ്രാമിലെ ലോഡ്ജിലേക്ക് പോയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയ ബാബുവിന്റെ മേൽനോട്ടത്തിൽ ഇരിക്കൂർ സിഐ രാജേഷ് ആയോടൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ തെളിഞ്ഞത്.
കരിക്കോട്ടക്കരി സിഐ കെ.ജെ. വിനോയി, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എ.എം. സിജോയ്, കെ.കെ. ജയദേവൻ, പി. രതീഷ്, കെ.പി. നിതീഷ്, വി. ഷാജി എന്നിവരടങ്ങിയ സംഘം ഹുൻസൂരിൽ തങ്ങിയാണ് അന്വേഷണം നടത്തുന്നത്.
ഇക്കഴിഞ്ഞ 22ന് കല്യാട്ടെ സുമതയുടെ വീട്ടിൽനിന്ന് മകന്റെ ഭാര്യയും കർണാടക ഹുൻസൂർ സ്വദേശിനിയുമായ ദർശിതയായിരുന്നു നാലു ലക്ഷം രൂപയും 30 പവൻ സ്വർണാഭരണവും കവർന്ന് നാട്ടിലേക്ക് പോയത്.
24നാണ് ഹുൻസൂരിനടത്ത സാലിഗ്രാമിലെ ലോഡ്ജിൽ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയ നിലയിൽ മുഖം തകർന്ന നിലയിലായിരുന്നു മൃതദേഹം. അന്വേഷണത്തിൽ ദർശിതയുടെ സുഹൃത്തായ സിദ്ധരാജു ഡിറ്റണേറ്റർ വായിൽ തിരുകി സ്ഫോടനമുണ്ടാക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. കർണാടക പോലീസ് അറസ്റ്റ് ചെയ്ത സിദ്ധരാജു റിമാൻഡിലാണ്.