ഇനി വന്ദേഭാരതിന് നീളം കൂടും
Sunday, August 31, 2025 1:54 AM IST
പരവൂർ (കൊല്ലം): ഏഴ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. യാത്രക്കാരുടെ എണ്ണത്തിലെ വർധനയുടെയും ഒക്കുപ്പൻസിയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
16 കോച്ചുകളുള്ള മൂന്ന് ട്രെയിനുകളിൽ 20 കോച്ചുകളായി ഉയർത്തും. എട്ട് കോച്ചുകളുള്ള നാല് ട്രെയിനുകൾ 16 കോച്ചുകളുള്ള ട്രെയിനുകളായും മാറ്റും. ഇതോടെ ഈ ട്രെയിനുകളുടെ റേക്കുകൾ പുതിയ റൂട്ടുകളിൽ സർവീസിനായി ഉപയോഗിക്കും. സമീപഭാവിയിൽ കൂടുതൽ 20 കോച്ച്് ട്രെയിനുകൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം -മംഗളൂരു സെൻട്രൽ, സെക്കന്തരാബാദ് -തിരുപ്പതി, ചെന്നൈ എഗ്മോർ-തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസുകളാണ് 16 കോച്ചുകളിൽനിന്ന് 20 ആയി ഉയർത്തുന്നത്.
മധുര-ബംഗളൂരു കന്റോൺമെന്റ്, ദിയോഖർ - വാരാണസി, ഹൗറ-റൂർക്കല, ഇൻഡോർ -നാഗ്പുർ ട്രെയിനുകളാണ് എട്ട് കോച്ചുകളിൽനിന്ന് 16 ആയി ഉയർത്തുന്നത്.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.