അമേരിക്കയിലെ ന്യൂ മെക്സിക്കോയിലും പ്രളയം
Thursday, July 10, 2025 2:00 AM IST
ഹൂസ്റ്റൺ: അമേരിക്കയിൽ ടെക്സസിന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ന്യൂ മെക്സിക്കോ സംസ്ഥാനത്തും മിന്നൽപ്രളയം. മൂന്നു പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ റിയഡോസോ നദിയിൽ ജലനിരപ്പ് ഉയർന്നതാണ് ദുരന്തത്തിനു കാരണം. റിയഡോസോ വില്ലേജിലാണ് മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മുതിർന്നയാളും രണ്ടു കുട്ടികളും നദിയിലെ ഒഴുക്കിൽപ്പെട്ടുപോയതാണ്.
ഒട്ടേറെ വീടുകൾക്കു നാശം നേരിട്ടുവെന്നാണ് റിപ്പോർട്ട്. ഒരു വീട് പ്രളയത്തിൽ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞവർഷത്തെ കാട്ടുതീയിൽ വനമേഖല വ്യാപകമായി നശിച്ച ന്യൂ മെക്സിക്കോയിൽ മിന്നൽപ്രളയത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കിയിരുന്നു.
ടെക്സസിൽ കണ്ടെത്താനുള്ളത് 161 പേരെ
ടെക്സസ് മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 161 പേരെയെങ്കിലും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ദുരന്തത്തിൽ 111 പേർ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്.
പ്രളയം ഏറ്റവും കൂടുൽ ബാധിച്ച കെർ കൗണ്ടിയിൽ മാത്രം ഇത്രയും പേരെ കാണാതായിട്ടുണ്ട്. മറ്റു കണ്ടികളിലെ കണക്ക് അദ്ദേഹം നല്കിയില്ല.
വെള്ളിയാഴ്ച പുലർച്ചയുണ്ടായ ദുരന്തത്തിൽ 111 പേർ മരിച്ചെന്നാാണ് ഇതുവരെയുള്ള കണക്ക്. ഇതിൽ 90 മരണങ്ങളും കെർ കൗണ്ടിയിലെ കെർവിൽ മേഖലയിലാണ്.
തെരച്ചിൽ തുടരുന്തോറും മരണസംഖ്യ ഉയരുമെന്നാണ് നിഗമനം. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ.
ബോർഡർ പെട്രോൾ, എഫ്ബിഐ തുടങ്ങിയ ഏജൻസികളിലെ ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.