കീം: റാങ്ക് പട്ടികയിൽ മാറ്റം
Friday, July 11, 2025 2:50 AM IST
തിരുവനന്തപുരം: കീം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയതിനെത്തുടർന്ന് ആദ്യപട്ടിക കോടതി റദ്ദാക്കിയതോടെ വീണ്ടും പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ്. ഒന്നാം റാങ്കിൽ ഉൾപ്പെടെ മാറ്റം വന്നു.
പുതിയ പട്ടികപ്രകാരം ഒന്നാം റാങ്ക് തിരുവനന്തപുരം കവടിയാർ രംഗോൾ ലെയിൻ രാജശില്പിയിൽ ജോഷ്വാ ജേക്കബ് തോമസിനാണ്. 600-ൽ 588.57 സ്കോറുമായാണ് ജോഷ്വാ ഒന്നാം റാങ്കിന് അർഹനായത്. എറണാകുളം ചേറായിൽ ജനതാ ബീച്ച് പൊട്ടശേരിൽ ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം കുടപ്പനക്കുന്ന് മുക്കോലയ്ക്കൽ സൗപർണികാ അപ്പാർട്ട്മെന്റിൽ എമിൽ ഐപ്പ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി.
പട്ടികജാതി വിഭാഗത്തിൽനിന്ന് കാസർഗോഡ് നീലേശ്വരം പെരോളി സാജ് നിവാസിൽ ഹൃദിൻ എസ്. ബിജു ഒന്നാം റാങ്കും തിരുവനന്തപുരം മുട്ടട കൗസ്തുഭത്തിൽ ബി.അനന്തകൃഷ്ണൻ രണ്ടാം റാങ്കും നേടി. പട്ടികവർഗ വിഭാഗത്തിൽ കോട്ടയം മണർകാട് കൊട്ടാരത്തിൽ കെ.എസ്. ശബരീനാഥ് ഒന്നാംറാങ്കിന് ഉടമയായപ്പോൾ കാസർഗോഡ് പെരിയ രാജ്നിവാസിൽ ആർ.പി ഗൗരീകൃഷ്ണാങ്കർ രണ്ടാം റാങ്കും നേടി.
ആദ്യ 100 റാങ്കിൽ 21 പേരാണ് കേരളാ സിലബസിൽനിന്ന് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. 79 പേരാണ് സിബിഎസ്ഇ സ്ട്രീമിൽ നിന്നും ഇടം നേടിയവർ. ആദ്യ 5000 റാങ്കിനുള്ളിൽ2960 കുട്ടികൾ സിബിഎസ്ഇ വിഭാഗത്തിൽനിന്നും 1796 പേർ കേരള സിലബസിൽ നിന്നും 244 വിദ്യാർഥികൾ മറ്റു വിഭാഗങ്ങളിൽനിന്നുമുള്ളവരാണ്. 86549 വിദ്യാർഥികളാണ് ഇക്കുറി കീം പരീക്ഷ എഴുതിയത്. ഇതിൽ 67505 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
നാലു മുതൽ 10 വരെ റാങ്ക് നേടിയവർ
എഡൽ സിയാൻ, ഫാത്തിമാ ദന്തൽ ക്ലിനിക് ചെമ്മനാട് മലപ്പുറം. അദ്വൈത് അയിനിപ്പിള്ളി, കഡുഗോഡി,കർണാടക. അനന്യ രാജീവ്, ബ്രിന്ദാവൻ എസ്റ്റേറ്റ്, മാറത്തഹള്ളി, ബംഗളൂരു, ജോണ് ഷിനോജ്, വട്ടക്കുഴിയിൽ കല്ലൂർകാട് , എറണാകുളം. അക്ഷയ് ബിജു, കാക്കൂർ ,കോഴിക്കോട്. അച്യുത് വിനോദ്, ചൈത്രം, ഫാറൂഖ് കോളജ്, കോഴിക്കോട്. അൻമോൽ ബൈജു, എം.പി. വാസുദേവൻനായർ റോഡ്, നെല്ലിക്കോട്, കോഴിക്കോട്.