അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തു
Sunday, July 13, 2025 2:46 AM IST
സീനോ സാജു
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണം രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തുവിട്ട റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തൽ.
വിമാനത്തിന്റെ എൻജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ചുകൾ (ഇന്ധന നിയന്ത്രണ സ്വിച്ചുകൾ) വിമാനം ടേക്ക് ഓഫ് ചെയ്തതിനു മൂന്ന് സെക്കൻഡുകൾക്കുശേഷം മാത്രം ഓഫാകുകയും ഇത് എൻജിനുകൾ പെട്ടെന്നു പ്രവർത്തനരഹിതമാകാൻ കാരണമാകുകയും ചെയ്തു. ഇതാണ് 260ലധികം പേരുടെ മരണത്തിനു കാരണമായ വ്യോമയാന ദുരന്തത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ സ്വിച്ചുകൾ ഓഫായത് അബദ്ധവശാൽ സംഭവിച്ചതാണോ മനഃപൂർവമായിരുന്നോ അതോ വിമാനത്തിന്റെ സാങ്കേതികതകരാർ മൂലമാണോയെന്നു റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
ചോദ്യങ്ങളുയർത്തി ഇന്ധന നിയന്ത്രണ സ്വിച്ചുകൾ
വിമാനത്തിന്റെ കോക്പിറ്റിൽ ത്രസ്റ്റ് ലിവറുകൾക്കു താഴെ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ചുകളാണ് ഇന്ധന നിയന്ത്രണ സ്വിച്ചുകൾ. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന ഈ സ്വിച്ചുകൾ അബദ്ധത്തിൽ പ്രവർത്തിക്കരുതെന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
സ്വിച്ചുകൾ നീക്കിയാൽ പ്രവർത്തനം ഉടനടിയാണ്, എൻജിനുകൾ പ്രവർത്തനരഹിതമാകും. നിലത്തിറക്കിയിരിക്കുന്ന വിമാനങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചുതുടങ്ങുന്നതിനോ പ്രവർത്തനരഹിതമാക്കാനോ ആണ് പൈലറ്റുമാർ സാധാരണയായി ഈ സ്വിച്ചുകൾ ഉപയോഗിക്കാറുള്ളത്.
ആകാശമധ്യേ എൻജിൻ തകരാറുണ്ടായാൽ എൻജിനുകൾ സ്വമേധയാ പ്രവർത്തിപ്പിക്കാനും പൈലറ്റുമാർ ഈ സ്വിച്ചുകൾ ഉപയോഗിക്കുന്നു. എന്നാൽ എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നു മൂന്നു സെക്കൻഡുകൾക്കുള്ളിൽ ഈ സ്വിച്ചുകൾ ‘റണ്‍’എന്ന നിലയിൽനിന്ന് ‘കട്ട് ഓഫ്’ സ്ഥാനത്തേക്കു മാറിയതെങ്ങനെയാണെന്നാണ് എഎഐബി നൽകിയ ഉത്തരങ്ങളിൽനിന്ന് ഉയർന്നുവരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ. ഒന്നിനുപുറകേ ഒന്നായി ഒരു സെക്കൻഡിനുശേഷം മാത്രമാണു രണ്ട് സ്വിച്ചുകളും ഓഫായതെന്നും റിപ്പോർട്ടിൽ പറയുന്നു.
“സ്വിച്ചുകൾ ഓഫാക്കിയതെന്തിന്?”- ചോദ്യവുമായി പൈലറ്റ്
അപകടത്തിനുശേഷം വീണ്ടെടുത്ത ബ്ലാക്ക് ബോക്സുകളിലൊന്നിലെ (കോക്പിറ്റ് വോയ്സ് റിക്കാർഡർ) സംഭാഷണങ്ങളും റിപ്പോർട്ടിൽ പുറത്തുവിട്ടിട്ടുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ‘റണ്‍’ സ്ഥാനത്തുനിന്ന് ‘കട്ട് ഓഫ്’ സ്ഥാനത്തേക്കു മാറിയതാണ് അപകടത്തിനു കാരണമായതെന്ന വാദത്തിനു ശക്തി നൽകുന്നതാണ് കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണം.
സ്വിച്ചുകൾ ഓഫായതു ശ്രദ്ധയിൽപ്പെട്ടയുടൻ ഒരു പൈലറ്റ് രണ്ടാമത്തെ പൈലറ്റിനോട് എന്തുകൊണ്ടാണ് സ്വിച്ചുകൾ ഓഫാക്കിയതെന്ന് ചോദിക്കുന്നതായി കോക്പിറ്റ് വോയ്സ് റിക്കാർഡറിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ താനങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.
റിപ്പോർട്ട് പ്രകാരം ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറായിരുന്നു വിമാനം പറത്തിയിരുന്നത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാളിനു വിമാനത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനുള്ള ചുമതലയായിരുന്നു. ഇതിൽ ഏതു പൈലറ്റിന്റേതാണ് റിക്കാർഡ് ചെയ്യപ്പെട്ട സംഭാഷണമെന്നത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.
ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പൈലറ്റുമാർ മനഃപൂർവം ഓഫാക്കാനുള്ള സാധ്യത കുറവാണെന്നാണ് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിമാനത്തിന്റെ പ്രധാന സംവിധാനങ്ങൾ പ്രവർത്തനരഹിതമാകുന്പോൾ അടിയന്തരമായി വൈദ്യുതി ലഭ്യമാക്കുന്ന റാം എയർ ടർബൈൻ ഡിവൈസ് (റാറ്റ്) എൻജിനുകൾ പ്രവർത്തനരഹിതമായതിനു പിന്നാലെ പൈലറ്റ് പ്രവർത്തിപ്പിച്ചുവെന്ന് കണ്ടതിനാലാണ് ഈ നിഗമനം.
അത്യാവശ്യ വൈദ്യുതി ഉപയോഗിച്ചു വിമാനത്തെ സുരക്ഷിതമാക്കാനുള്ള വിമാനത്തിലെ ചെറു ഉപകരണമാണ് റാറ്റ്. സാധാരണയായി വിമാനത്തിന്റെ ചിറകുകൾക്കു കീഴിലുള്ള ഈ ചെറിയ ഉപകരണം എൻജിൻ പ്രവർത്തിക്കുന്നില്ലെന്നു കണ്ട് പൈലറ്റുമാർ വിന്യസിച്ചിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ തെളിയുന്നുണ്ട്.
റാറ്റ് പ്രവർത്തിപ്പിച്ചതിനുപിന്നാലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും പൈലറ്റുമാർ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും വിമാനത്തിന് വീണ്ടും പറന്നുയർന്നു തുടങ്ങാനുള്ള ശക്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചില്ല. ഒരു എൻജിൻ പ്രവർത്തിച്ചുതുടങ്ങി ആവശ്യമായ വേഗത കൈവരിച്ചുതുടങ്ങി വന്നിരുന്നുവെന്നും രണ്ടാമത്തെ എൻജിൻ പ്രവർത്തിച്ചെങ്കിലും അതാവശ്യമായ വേഗത കൈവരിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റാറ്റ് വിന്യസിച്ച് ഏകദേശം 16 സെക്കൻഡുകൾക്കുശേഷം പൈലറ്റുമാരിൽ ഒരാൾ ജീവനു ഭീഷണിയാകുന്പോൾ അടിയന്തര സന്ദേശമായി അയക്കുന്ന ‘മേയ് ഡേ’ സന്ദേശം എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് (എടിസി) അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. കോക്പിറ്റിൽനിന്നു ‘മേയ് ഡേ’ സന്ദേശം അയച്ചതിന് ആറു സെക്കൻഡുകൾക്കുശേഷം വിമാനം അപകടത്തിൽപ്പെട്ട് ബ്ലാക്ക് ബോക്സിലെ റിക്കാർഡിംഗ് അവസാനിക്കുകയും ചെയ്തു.