സിറിയയിൽ ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ്
Sunday, July 13, 2025 2:46 AM IST
സ്ട്രാസ്ബർഗ് (ഫ്രാൻസ്): സിറിയയിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നൽകാൻ അവിടത്തെ സർക്കാർ തയാറാകണമെന്ന് യൂറോപ്യൻ പാർലമെന്റ്. ഇതുസംബന്ധിച്ച അടിയന്തര പ്രമേയം പാർലമെന്റ് സമ്മേളനം അംഗീകരിച്ചു.
ഡെമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്കു നേരേ കഴിഞ്ഞമാസം 22നുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച പാർലമെന്റ്, ഇസ്ലാമിക തീവ്രവാദം വളരുന്നത് തടയാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും നടപടി വേണമെന്നും ആവശ്യപ്പെട്ടു.
25 പേരുടെ മരണത്തിനിടയാക്കിയ ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിക്കുനേരേയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരാനും സിറിയൻ സർക്കാരിനോട് യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു.
സിറിയയിലെ സഭയെ പിന്തുണയ്ക്കുന്നതിനും അനുരഞ്ജനത്തിനും മതാന്തര സംഭാഷണത്തിനും പിന്തുണ നൽകുന്നതിന് സിറിയ പുനർനിർമാണ ഫണ്ട് രൂപീകരിക്കാനും അംഗരാജ്യങ്ങളോട് പാർലമെന്റ് ആഹ്വാനം ചെയ്തു. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരേ ആവശ്യം വന്നാൽ ഉപരോധമേർപ്പെടുത്താനും പാർലമെന്റ് ആവശ്യപ്പെട്ടു. സിറിയയിൽ ക്രൈസ്തവർക്കെതിരേ സംഘടിത ആക്രമണം ശക്തമായിരിക്കെയാണു യൂറോപ്യൻ യൂണിയന്റെ ഇടപെടലെന്നതു ശ്രദ്ധേയമാണ്.
ക്രൈസ്തവരെ അധിക്ഷേപിക്കുക, പള്ളികൾ ആക്രമിക്കുക, സഭയുടെ പ്രവർത്തനങ്ങളിൽ ഇടപെടുക, സൈനിക-സുരക്ഷാ ചെക്ക്പോയിന്റുകളിൽ ക്രൈസ്തവരെ പ്രത്യേക പരിശോധനകൾക്കു വിധേയമാക്കുക, കല്ലറകളിലെ കുരിശുകൾ പിഴുതുമാറ്റിയും മറ്റും സെമിത്തേരികൾ വികൃതമാക്കുക തുടങ്ങിയ സംഭവങ്ങൾ അനുദിനം വർധിക്കുകയാണ്. ഇതിനെല്ലാം പുറമെ സംഘടിത സാമ്പത്തിക വിവേചനത്തിനും ക്രൈസ്തവർ വിധേയരാകുന്നുണ്ട്.
സർക്കാർ ജോലികൾ നിഷേധിക്കുക, സ്വകാര്യ മേഖലയിലെ പ്രധാന ജോലികളിൽനിന്ന് ഒഴിവാക്കുക, ബിസിനസ് ലൈസൻസുകൾ പുതുക്കുമ്പോഴും സർക്കാർ സേവനങ്ങൾ തേടുമ്പോഴും മനഃപൂർവമായ തടസങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ വിവേചനങ്ങൾക്കും ന്യൂനപക്ഷങ്ങൾ വിധേയരാകുന്നു.