യുക്രെയ്ൻ കേണൽ വെടിയേറ്റു മരിച്ചു
Sunday, July 13, 2025 1:01 AM IST
കീവ്: ഡ്രോൺ ആക്രമണത്തിൽ റഷ്യൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ച ഓപ്പറേഷൻ സ്പൈഡർ വെബിൽ സുപ്രധാന പങ്കുവഹിച്ച യുക്രെയ്ൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
യുക്രെയ്ൻ സെക്യൂരിറ്റി സർവീസിലെ(എസ്ബിയു) മുതിർന്ന ഉദ്യോഗസ്ഥൻകൂടിയായ കേണൽ ഇവാൻ വൊറേണിഷ് പട്ടാപ്പകൽ വെടിയേറ്റു മരിക്കുകയായിരുന്നു.
തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. തെരുവിൽവച്ച് ഇദ്ദേഹത്തിനു സമീപമെത്തിയ അക്രമി അഞ്ചു തവണ നിറയൊഴിച്ചശേഷം കടന്നുകളഞ്ഞു. വെടിവയ്ക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞു. അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണു യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചത്.
എസ്ബിയു സംഘം ജൂൺ ഒന്നിന് റഷ്യയിലെ അഞ്ചു വ്യോമസേനാ താവളങ്ങളിൽ നടത്തിയ ഓപ്പറേഷൻ സ്പൈഡർ വെബ് ആക്രമണത്തിൽ 20 യുദ്ധവിമാനങ്ങൾക്കു കേടുപാട് സംഭവിക്കുകയും ഇതിൽ പത്തെണ്ണം പൂർണമായി നശിക്കുകയും ചെയ്തിരുന്നു.