വെസ്റ്റ് ബാങ്കിൽ യുഎസ് പൗരൻ കൊല്ലപ്പെട്ടു
Sunday, July 13, 2025 1:01 AM IST
രമള്ള: വെസ്റ്റ് ബാങ്കിലെ അധിനിവേശ ഇസ്രേലികൾ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ പൗരനടക്കം രണ്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. രമള്ളയ്ക്കു വടക്ക് സിൻജിൽ എന്ന പട്ടണത്തിൽ അമേരിക്കൻ പൗരൻ സെയ്ഫുള്ള മുസലത്തിനെ (20) ഇസ്രേലികൾ തല്ലിക്കൊന്നുവെന്നാണു റിപ്പോർട്ട്.
ഇയാളുടെ സഹോദരൻ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയാറാകണമെന്ന് ഫ്ലോറിഡയിലുള്ള സെയ്ഫുള്ളയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രേലി സേന അറിയിച്ചു. പലസ്തീനികൾ ഇസ്രേലികളെ കല്ലെറിഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായതെന്നും സേന കൂട്ടിച്ചേർത്തു.
ഇരുപത്തിമൂന്നുകാരനായ ഹുസൈൻ അൽ ഷലബിയാണു കൊല്ലപ്പെട്ട രണ്ടാമൻ. നെഞ്ചിൽ വെടിയേറ്റാണു മരണം.