ശുഭാംശുവും സംഘവും ഭൂമിയിൽ തിരിച്ചെത്തി
Wednesday, July 16, 2025 2:06 AM IST
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ 18 ദിവസം നീണ്ട ദൗത്യത്തിനുശേഷം ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയും സംഘവും സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.01ന് (ഇന്ത്യൻ സമയം) കലിഫോര്‍ണിയയിലെ സാന്‍ ഡീയേഗോ തീരത്തിനടുത്തായാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.
സ്പേസ് എക്സിന്റെ എംവി ഷാനണ്‍ കപ്പൽ ഡ്രാഗണ്‍ പേടകം കടലിൽനിന്നു വീണ്ടെടുത്തു. കപ്പലിലെ പ്രാഥമിക വൈദ്യപരിശോധനയ്ക്കു ശേഷം സംഘത്തെ ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ നാസാ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. യാത്രികര്‍ ഇവിടെ ഏഴു ദിവസം വിദഗ്ധരുടെ നിരീക്ഷണത്തിൽ കഴിയും. അതിനുശേഷമായിരിക്കും ശുഭാംശു ഇന്ത്യയിലെത്തുക.
തിങ്കളാഴ്ച വൈകുന്നേരം 4.45നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. 22.5 മണിക്കൂറോളം യാത്ര ചെയ്താണ് പേടകം ഭൂമിയിൽ എത്തിയത്.
ശുഭാംശു ശുക്ലയും സംഘവും പേടകത്തിൽനിന്നു പുറത്തിറങ്ങുന്നതിന്റെയും, ആഴ്ചകൾക്കുശേഷം ആദ്യമായി ഗുരുത്വാകർഷണം അനുഭവപ്പെടവേ മറ്റുള്ളവർ സഹായിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ പുറത്തു വന്നു.
മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സണു പിന്നാലെ രണ്ടാമനായാണ് മിഷൻ പൈലറ്റായ ശുഭാംശു പുറത്തിറങ്ങിയത്. നിറപുഞ്ചിരിയോടെ, കൈവീശി അഭിവാദ്യം ചെയ്താണ് ശുഭാംശു ശുക്ല പേടകത്തിനു പുറത്തിറങ്ങിയത്.
അമേരിക്കൻ സ്വദേശിനി പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍നിന്നുള്ള ടിബോര്‍ കാപു തുടങ്ങിയവരാണു പേടകത്തില്‍ ഉണ്ടായിരുന്ന മറ്റു ള്ളവർ. ജൂണ്‍ 26നാണ് ആക്സിയം 4 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയത്. 18-ാം ദിവസമാണു തിരികെയെത്തിയത്.
അറുപതോളം പരീക്ഷണങ്ങൾ സംഘം നടത്തി. കേരളത്തിൽനിന്നു കൊണ്ടുപോയ ആറു വിത്ത് ഇനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങൾ ശുഭാംശുവിന്റെ നേതൃത്വത്തിൽ നടന്നു.
രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ്, വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല. 1984ലായിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
ശ്രമകരം, അതിസങ്കീര്‍ണം

ശുഭാംശു ഉള്‍പ്പെടെ സംഘത്തിന്റെ ബഹിരാകാശ യാത്ര തുടക്കം മുതല്‍ ഏറെ ശ്രമകരവും അതിസങ്കീര്ണവുമായിരുന്നു. അനുദിനം മാറിമറിഞ്ഞശേഷമാണു യാത്ര തുടങ്ങിയത്. എന്നാൽ ബഹിരാകാശത്ത് എത്തിയശേഷം ദൗത്യം ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
☛ കഴിഞ്ഞവര്‍ഷം അവസാനമാണു ദൗത്യം സ്ഥിരീകരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംവിധാനമായ ഐഎസ്ആര്‍ഒയും യുഎസിന്റെ നാസയും സഹകരിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആക്സിയം -4 പ്രഖ്യാപിക്കുന്നു.
☛ ഈവര്‍ഷം ആദ്യം വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കെന്നഡി സ്പേസ് സെന്ററിലെ സാങ്കേതിക പരിശോധനകളിലെ തിരിച്ചടികളും പ്രതികൂല കാലാവസ്ഥയും മൂലം യാത്ര പലതവണ യാത്ര മാറ്റിവച്ചു
☛ ഒടുവില്‍ ശുഭയാത്ര. കഴിഞ്ഞമാസം 25ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍- 9 റോക്കറ്റില്‍ ബഹിരാകാശത്തേക്ക്.
☛ പതിനെട്ടുദിവസം നീളുന്ന ഗവേഷണ പരീക്ഷണങ്ങള്‍ക്കായി യാത്രികർ ബഹിരാകാശ നിലയത്തില്‍ ഇറങ്ങുന്നു.
☛ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പരീക്ഷണങ്ങളായിരുന്നു നിലയത്തില്‍ ശുഭാംശു നിര്‍വഹിച്ചത്. ബീന്‍സിന്റെയും ഉലുവയുടെയും വിത്തുകള്‍ വിതച്ച മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങള്‍, സ്റ്റെം സെല്‍ ഗവേഷണം, കാര്‍ഷിക വികസനമാര്‍ഗങ്ങള്‍ എന്നിവ ഇതിലുൾപ്പെട്ടിരുന്നു.
☛ ഭൂമിയിലേക്കുള്ള ആശയവിനിമയത്തിന്റെ ഭാഗമായി അമച്വര്‍ റേഡിയോ, വീഡിയോ ലിങ്കുകള്‍ എന്നിവവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐഎസ്ആര്‍ഒ ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി ആശയവിനിമയം.
☛ ഞായറാഴ്ചയായിരുന്നു വിടവാങ്ങല്‍ ചടങ്ങ്. ഐഎസ്ആര്‍ഒയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ദൗത്യത്തിലെ 73 അംഗങ്ങള്‍ ബഹിരാകാശയാത്രികർക്കൊപ്പം പങ്കെടുത്തു.
☛ നിശ്ചയിക്കപ്പെട്ട ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഡ്രാഗണ്‍ ഗ്രേസ് ബഹിരാകാശ പേടകം തിങ്കളാഴ്ച ബഹിരാകാശനിലയത്തില്‍നിന്ന് വേര്‍പെട്ടു.
☛ ഇന്നലെ കലിഫോര്‍ണിയ തീരത്ത് സുരക്ഷിതമായി ഭൂമിയില്‍ ഇറങ്ങിയതോടെ ശുഭാംശുവിന്റെ ബഹിരാകാശയാത്രയ്ക്കു ശുഭാന്ത്യം.
അടുത്തമാസം 17ന് ശുഭാംശു ജന്മനാട്ടില്
ബഹിരാകാശത്തിനിന്നും ഭൂമിയിലെത്തിയെങ്കിലും ശുഭാംശു ജന്മനാട്ടില് തിരിച്ചെത്തുന്നതിന് ഇനിയും ഏറെ ദിവസമെടുക്കും. അടുത്തമാസം 17ന് ശുഭാംശു ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചരിത്രയാത്ര വിജയകരമായി പൂർത്തിയാക്കിയ ശുഭാംശുവിനെ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ലക്ഷോപലക്ഷം ഇന്ത്യക്കാർ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ്.
ദൗത്യസംഘത്തിന് അഭിനന്ദനം: രാഷ്ട്രപതി
ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും അഭിനന്ദിക്കുകയാണെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ശുഭാംശു ശുക്ല വഹിച്ച നേതൃപരമായ പങ്ക് ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
കോടിക്കണക്കിന് ഇന്ത്യക്കാർക്കു പ്രചോദനം: മോദി
“ബഹിരാകാശത്തെ ചരിത്രദൗത്യത്തില്‍നിന്ന് ഭൂമിയില്‍ മടങ്ങിയെത്തിയ ക്യാപ്റ്റന്‍ ശുഭാംശുവിനെ വരവേല്‍ക്കാന്‍ രാജ്യത്തിനൊപ്പം ഞാനും ചേരുകയാണ്” സമൂഹമാധ്യമമായ എക്സിലെ അഭിനന്ദനസന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
“അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനെന്ന നിലയിൽ പൂർണസമർപ്പണവും ധൈര്യവും നേതൃപാടവവുംവഴി കോടിക്കണക്കിനു ജനങ്ങളുടെ സ്വപ്നങ്ങളെ പ്രചോദിപ്പിക്കുകയാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലാണിത്”-സന്ദേശത്തില്‍ മോദി കൂട്ടിച്ചേർത്തു.
അനുഭവസമ്പത്ത് സുപ്രധാനം: ഐഎസ്ആര്‍ഒ
രാജ്യാന്തര നിലയത്തില്‍നിന്ന് ശുഭാംശു നേടിയ അനുഭവസമ്പത്ത് മനുഷ്യനെ അയക്കുന്ന രാജ്യത്തിന്റെ ഗഗന്യാന് പദ്ധതിക്ക് ഏറെ സഹായകരമാണെന്ന് ഐഎസ്ആര്‍ഒ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് എം. ദേശായി പറഞ്ഞു.
ഹൃദയം നിലച്ചതുപോലെ...

ശുഭാംശുവും സഹയാത്രികരും ഭൂമിയെ തൊട്ട നിമിഷങ്ങളിലെത്തിയപ്പോഴും ഹൃദയം നിലച്ച അവസ്ഥയിലായിരുന്നുവെന്ന് അമ്മ ആശ ശുക്ല. കലിഫോർണിയയിലെ പസഫിക് തീരത്ത് ഡ്രാഗണ്‍ കാപ്സ്യൂൾ ഭൂമിയെ തൊടുന്പോൾ 13,000 കിലോമീറ്ററുകള്‍ അകലെ ലക്നോയിൽ പ്രാർഥനാപൂർവം കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരിക്കുകയായിരുന്നു.
മടങ്ങിവരവിന്റെ ഓരോ നിമിഷവും വിറയ്ക്കുന്ന കൈകളോടെയാണ് അമ്മ കണ്ടുതീർത്തത്. നഗരത്തിലെ മോണ്ടിസോറി സ്കൂളില്‍ സ്ഥാപിച്ച പ്രത്യേക സ്ക്രീനിലാണ് പിതാവ് ശംഭു ദയാല്‍ ശുക്ല തുടങ്ങി മുഴുവൻ കുടുംബാംഗങ്ങളും മടക്കയാത്രയുടെ നിമിഷങ്ങൾ കണ്ടുതീർത്തത്.
“കാപ്സ്യൂള്‍ സമുദ്രത്തില്‍ തൊട്ടപ്പോഴേക്കും കരഞ്ഞുപോയി, ഹൃദയം നിലച്ചതുപോലുള്ള അവസ്ഥ...” സന്തോഷം അടക്കാനാകാതെ അമ്മ പറഞ്ഞുനിർത്തി.
ശുഭാംശുവിനെക്കുറിച്ച് ഏറെ അഭിമാനമുണ്ടെന്ന് അച്ഛൻ ശംഭു ദയാൽ പറഞ്ഞു. “ദൗത്യം വിജയിച്ചതും സുരക്ഷിത മടക്കയാത്രയുമെല്ലാം ആഹ്ലാദജനകമാണ്. ദൈവത്തിന് നന്ദി പറയുകയാണ് ഞങ്ങള്‍.”-മധുരം പങ്കുവച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.
വ്യോമയാന മേഖലയുമായി ഒരു ബന്ധമില്ലാത്ത കുടുംബമായിരുന്നു ശുഭാംശുവിന്റേത്. 2006ല്‍ വ്യോമസേനയില്‍ ചേര്‍ന്നതാണ് ശുഭാംശുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. യുദ്ധവിമാനങ്ങളിൽ 2,000 മണിക്കൂറിലധികം പറക്കല്‍ സമയം ശുഭാംശു പൂർത്തിയാക്കിയിട്ടുണ്ട്.
അടിമുടി മാറ്റം, മുടിവെട്ടുന്നതു വരെ

ഭൂമിയില്‍നിന്ന് അടിമുടി മാറ്റമാണ് ബഹിരാകാശ നിലയത്തിൽ എല്ലാറ്റിനും, എന്തിന് മുടിവെട്ടുന്നതുപോലും. അന്താരാഷ് ട്ര ബഹിരാകാശ നിലയത്തില്‍വച്ച് മുടിവെട്ടിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ അനുഭവം ഇതുറപ്പിക്കും.
കഴിഞ്ഞവര്‍ഷം മേയ് അവസാനം പുറപ്പെടാനൊരുങ്ങി ജൂണ്‍ 25നുമാത്രം യാത്ര ആരംഭിച്ചതിനാൽ ശുഭാംശു ഉള്‍പ്പെടെ യാത്രികര്‍ ഒരുമാസത്തോളം കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടെ മുടി അത്യാവശം വളർന്നുകഴിഞ്ഞിരുന്നു.
ബഹിരാകാശ നിലയത്തില്‍ എത്തിയശേഷം സഹയാത്രികനായ, യുഎസിൽനിന്നുള്ള നിക്കോള്‍ അയേഴ്സ് ശുഭാംശുവിന്റെ മുടിവെട്ടിയൊതുക്കുകയായിരുന്നു. ബഹിരാകാശ യാത്രികരെ സംബന്ധിച്ച് ഇതു സാധാരണമാണുതാനും.
മുടി മുറിക്കുന്നതിന് ഭൂമിയിലും ബഹിരാകാശത്തും വ്യത്യാസമൊന്നുമില്ല. എന്നാല്‍ ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ മുറിച്ച മുറി എല്ലായിടത്തേക്കും പാറിപ്പറക്കും. അതിനാൽ വാക്വംക്ലീനര് ഉപയോഗിക്കും.
മുറിച്ച മുടി അപ്പാടെ അതു വലിച്ചെടുക്കും. മുടി മുറിച്ചശേഷം കുളിക്കുന്നത് ഭൂമിയില്‍ പതിവാണെങ്കില്‍ ബഹിരാകാശത്ത് സോപ്പും നനഞ്ഞ ടൗവലും ഉപയോഗിച്ച് ശരീരം വൃത്തിയാക്കുകയാണ് ചെയ്യുക.