ആണവചർച്ചയ്ക്കു തയാറെന്ന് ഇറാൻ
Monday, July 14, 2025 1:48 AM IST
ടെഹ്റാൻ: അമേരിക്കയുമായി ആണവചർച്ച പുനരാരംഭിക്കാൻ തയാറാണെന്ന് ഇറാൻ. എന്നാൽ ഇനിയും ഇറാനെ ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കാനായി അമേരിക്ക ചർച്ച നടത്തുന്നതിനിടെയാണ് ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ തുടങ്ങിയത്. തുടർന്ന് അമേരിക്കയും ഇസ്രയേലിനൊപ്പം ചേർന്ന് ഇറാന്റെ ആണവ പ്ലാന്റുകളിൽ ബോംബിട്ടു.
ഇത്തരം നടപടികളിൽ ഉണ്ടാവില്ലെന്ന വ്യക്തമായ ഉറപ്പ് ഇറാനു ലഭിക്കണമെന്നാണ് അബ്ബാസ് അരാഗ്ചി ശനിയാഴ്ച ടെഹ്റാനിൽ ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്നും അരാഗ്ചി പറഞ്ഞു. പുതിയൊരു രീതിയിൽ സഹകരണം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
യുഎസ്, ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവോർജ ഏജൻസിയുമായി സഹകരണം അവസാനിപ്പിക്കുന്ന ബിൽ ഇറേനിയൻ പാർലമെന്റ് പാസാക്കിയിരുന്നു.