മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പൊരുതി വീണു
Tuesday, July 15, 2025 12:14 AM IST
ലണ്ടന്‍: ശരിക്കും ത്രില്ലര്‍, ടെസ്റ്റ് ക്രിക്കറ്റിനും നെഞ്ചിടിപ്പു നല്‍കാമെന്നു വീണ്ടും തെളിയിച്ച ലോഡ്സ് പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 193 റണ്‍സ് എന്ന ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഇന്ത്യ, 170നു പുറത്ത്. അതോടെ ഇംഗ്ലണ്ടിന് ലോഡ്സില്‍ 22 റണ്‍സിന്റെ ജയം. അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നില്‍.
സ്കോര്‍: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. 181 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം വിഫലമായി.
ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് (2/63& 44, 3/48&33) പ്ലെയര്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ നാലാം മത്സരം 23ന് മാഞ്ചസ്റ്ററില്‍ നടക്കും.
വഴിതിരിച്ച രാഹുലിന്റെ എല്‍ബി
നാലു വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയിലാണ് അഞ്ചാംദിനമായ ഇന്നലെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 193 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യക്കു വേണ്ടിയിരുന്നത് 135 റണ്‍സ്, കൈയിലുണ്ടായിരുന്നത് ആറ് വിക്കറ്റ്. 33 റണ്‍സുമായി കെ.എല്‍. രാഹുലായിരുന്നു നാലാംദിനം അവസാനിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. രാഹിലിന് ഒപ്പം ക്രീസിലെത്തിയ ഋഷഭ് പന്തിനെ (9) ബൗള്‍ഡാക്കി ഇംഗ്ലണ്ട് ഇന്ത്യക്കുമേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.
രവീന്ദ്ര ജഡേജയ്ക്ക് ഒപ്പം കെ.എല്‍. രാഹുല്‍ ഇന്ത്യയെ ജയത്തിലേക്കു നയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍, ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ രാഹുല്‍ (58 പന്തില്‍ 39) വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ആദ്യം അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. എന്നാല്‍, റിവ്യൂവിലൂടെ ഇംഗ്ലണ്ട് തീരുമാനം തങ്ങള്‍ക്ക് അനുകൂലമാക്കി. ഇന്ത്യയുടെ കൈയില്‍നിന്നു മത്സരം വഴുതിയ നിമിഷം.
വാലറ്റത്തിന്റെ പോരാട്ടം
വാഷിംഗ്ടണ്‍ സുന്ദറിനെ (0) റിട്ടേണ്‍ ക്യാച്ചിലൂടെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയതും ഇന്ത്യക്കു തിരിച്ചടിയായി. ഉജ്വലമായ ഒരു ഡൈവിംഗിലൂടെയായിരുന്നു ആര്‍ച്ചര്‍ വാഷിംഗ്ടണ്ണിനെ കൈപ്പിടിയില്‍ ഒതുക്കിയത്. ഇന്ത്യയുടെ കൈയില്‍നിന്നു മത്സരം പൂര്‍ണമായി വഴുതിയത് ഈ നിമിഷം.
പിന്നീട് 53 പന്തില്‍ 13 റണ്‍സുമായി നിതീഷ് കുമാറും 54 പന്തില്‍ അഞ്ച് റണ്‍സുമായി ജസ്പ്രീത് ബുംറയും 30 പന്തില്‍ നാലു റണ്‍സുമായി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയ്ക്കു പിന്തണ നല്‍കിയെങ്കിലും ഇംഗ്ലണ്ടിന്റെ ജയം തടയാന്‍ സാധിച്ചില്ല.
സിറാജിന് പിഴ ശിക്ഷ

ലണ്ടൻ: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പിഴ ശിക്ഷ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിൽ ബെൻ ഡക്കറ്റിന്റെ വിക്കറ്റെടുത്തതിനു പിന്നാലെ നടത്തിയ അതിരുവിട്ട ആഘോഷത്തിലാണ് ശിക്ഷാ നടപടി. നാലാം ദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ട് ഇന്നിംഗ്്സിലെ ആറാം ഓവറിലായിരുന്നു സിറാജ് ഡക്കറ്റിനെ പുറത്താക്കിയത്.
സിറാജിന്റെ പന്തിൽ ഡക്കറ്റിനെ ജസ്പ്രീത് ബുംറ പിടികൂടുകയായിരുന്നു. ഡക്കറ്റിന് അടുത്തെത്തി ആവേശത്തിൽ അലറിവിളിച്ച സിറാജ് തോളിൽ തട്ടി പ്രകോപനം തുടർന്നു. ഇതാണ് ഐസിസി അച്ചടക്കലംഘനമായി കണക്കാക്കിയത്.
സിറാജിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയ ഐസിസി ഒരു ഡീ മെറിറ്റ് പോയിന്റും ശിക്ഷയായി വിധിച്ചു. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് സിറാജിനു ഡീ മെറിറ്റ് പോയിന്റ് ലഭിക്കുന്നത്.